എനിക്കവാര്‍ഡ് തരൂ എന്ന് പിച്ചയെടുത്തിട്ടല്ല ആരും അവാര്‍ഡ് നേടിയിട്ടുള്ളത്! മഞ്ജു വാര്യരെ അധിക്ഷേപിക്കുന്നതിന് മുമ്പ് ഇതുകൂടി ചിന്തിക്കണമായിരുന്നു; കലാമണ്ഡലം ഹേമലതയോട് എഴുത്തുകാരന്‍ ലിജീഷ്‌കുമാര്‍ പറയുന്നു

മഞ്ജു വാര്യര്‍ക്ക് എം കെ കെ നായര്‍ അവാര്‍ഡ് നല്‍കിയത് യഥാര്‍ഥ കലാകാരികളായ തങ്ങളുടെ കഞ്ഞിയില്‍ മണ്ണ്  വാരിയിടുന്നതിന് തുല്യമാണെന്ന് തുറന്നു പറഞ്ഞ കലാമണ്ഡലം ഹേമലതയ്ക്ക് മറുപടുയമുമായി എഴുത്തുകാരന്‍ ലിജീഷ്‌കുമാര്‍ രംഗത്ത്. മഞ്ജു വാര്യരും ജയറാമും അടങ്ങുന്ന ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നുവെന്ന ഹേമലതയുടെ വാക്കുകളും ഏറെ വിവാദമായിരുന്നു. ഇതിനു മറുപടിയായി ലിജീഷ് കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ലിജീഷ് കുമാറിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം…

നിങ്ങള്‍ കലാമണ്ഡലം മഞ്ജുവാര്യരാണോ? പ്ലീസ്, B ഗ്രേഡ് ആര്‍ട്ടിസ്റ്റുകള്‍ ദയവായി പുറത്ത് നില്ക്കണം!

പ്രിയ കലാമണ്ഡലം ഹേമലത,

‘ആരോടും പരിഭവമില്ലാതെ’ എന്നൊരു പുസ്തകമുണ്ട്. മാഡം അത് വായിച്ചിട്ടുണ്ടോ? നിങ്ങളെപ്പോലുള്ളവര്‍ക്ക് തരേണ്ടതുണ്ട് എന്ന് താങ്കളവകാശമുന്നയിച്ച എം.കെ.കെ.നായര്‍ അവാര്‍ഡില്ലേ, ആ മനുഷ്യന്‍റെ എം.കെ.കെ.നായരുടെ ആത്മകഥയാണത്. ആരോടും പരിഭവമില്ലാതെ കടന്നുപോയൊരാളുടെ. എന്ന് കരുതി അദ്ദേഹത്തിന്റെ പേരില്‍ തര്‍ക്കിക്കരുത് എന്നൊന്നും ഇപ്പറഞ്ഞതിനര്‍ത്ഥമില്ല.

എം.കെ.കെ.നായര്‍ അവാര്‍ഡിന് യോഗ്യ മഞ്ജുവാര്യരല്ല, അത് കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് നല്കണമെന്ന വാദമുന്നയിക്കേണ്ടത് കലാകാരികളുടെ അഭിവൃദ്ധിക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന വുമണ്‍ പെര്‍ഫോര്‍മിങ് ആര്‍ട്സ് അസോസിയേഷന്‍ തന്നെ. നിങ്ങള്‍ക്ക് തീര്‍ച്ചയായും തര്‍ക്കിക്കാം, വിഷയത്തിലിടപെടാം. പലപ്പോഴും തങ്ങളുണ്ട് എന്ന് ലോകത്തെ അറിയിക്കാന്‍ പോലും തര്‍ക്കങ്ങള്‍ ഉപകാരപ്രദമാണ്.

ശരി, നമുക്ക് എം.കെ.കെ.നായരിലേക്ക് മടങ്ങി വരാം. സേലം അസിസ്റ്റന്റ് കളക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ എം.കെ.കെ.നായര്‍, നെഹ്രു മുതല്‍ എസ്.കെ.പൊറ്റക്കാട് വരെ നാനാതുറയിലുള്ളവര്‍ക്ക് പ്രിയപ്പെട്ട ഐ.എ.എസ് ആപ്പീസറായിരുന്നു. FACT യുടെ പ്രഗത്ഭനായ മാനേജിങ്ങ് ഡയറക്ടറായിരുന്നു. 1966 മുതല്‍ 1971 വരെ ചെയര്‍മാനായി എം.കെ.കെ.നായരിരുന്ന 5 വര്‍ഷങ്ങള്‍ കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമാണ്. അക്കാലത്താണ് ആദ്യമായി നമ്മുടെ കഥകളി സംഘം യൂറോപ്പില്‍ പര്യടനം നടത്തുന്നത്. കഥകളിയെ ലോകമറിയുന്നത് ഈ പര്യടനത്തിലൂടെയാണ്.

എം.കെ.കെ.നായര്‍ IAS എന്ന ബ്യൂറോക്രാറ്റിന്റെ പേരില്‍ കേരള കലാമണ്ഡലം ഒരവാര്‍ഡ് ഏര്‍പ്പെടുത്തിയത് അദ്ദേഹം കലാമണ്ഡലത്തില്‍ പഠിച്ചതുകൊണ്ടോ പഠിപ്പിച്ചതുകൊണ്ടോ അല്ല. കലയെ സ്നേഹിച്ചതുകൊണ്ടാണ്. മഞ്ജുവാര്യര്‍ എന്ന ലേഡി സൂപ്പര്‍സ്റ്റാര്‍ ചെയ്തതും അതാണ്. സാറ്റലൈറ്റ് വാല്യു ഉള്ള മലയാളത്തിലെ ഒന്നാംനമ്പര്‍ അഭിനേത്രിയാണവര്‍. കൈ നിറയെ പടങ്ങളുമായി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കോടുന്നതിനിടയിലും അവര്‍ നൃത്തവേദികളില്‍ സജീവമാണ്. നമ്മുടെ കാഴ്ചകളിലേക്കുള്ള അവരുടെ തിരിച്ച് വരവു പോലും നൃത്തത്തിലൂടെയായിരുന്നു.

നൃത്തം അവരുടെ പോരാട്ടത്തിന്‍റെ പ്രതീകമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് അവരാദ്യമായി നമ്മുടെ മുന്നിലെത്തുന്നത് സ്‌കൂള്‍ കലോത്സവങ്ങളിലെ നൃത്ത വേദികളിലൂടെയായിരുന്നു, ഓര്‍ക്കുന്നില്ലേ ആ പഴയ മഞ്ജുവാര്യരെ? കലാതിലകപ്പട്ടമൊക്കെ പലകുറി നേടിയിട്ടുണ്ട്, പക്ഷേ ഈ മഞ്ജുവാര്യര്‍ അത്ര വരേണ്യയല്ല. ഒരു കുറച്ചിലുണ്ട് ഈ പോളിടെക്നിക്കില്‍, സോറി : കലാമണ്ഡലത്തില്‍ പഠിച്ചിട്ടില്ല. കലയെ സ്നേഹിച്ചിട്ടെന്ത്, കലാമണ്ഡലത്തില്‍ പഠിക്കണ്ടെ. കലയെ ജനകീയമാക്കിയിട്ടെന്ത്, കലാമണ്ഡലത്തില്‍ പഠിക്കണ്ടെ ! അല്ലാത്തവരത്രെ B ഗ്രേഡ് ആര്‍ട്ടിസ്റ്റുകള്‍

എനിക്കറിയാവുന്നൊരു മഞ്ജുവാര്യരുണ്ട്. എന്റമ്മ ആഗ്രഹിച്ചിട്ടും നേടാതെ പോയത് എന്നിലൂടെ നേടുകയായിരുന്നു, ഞാനെന്ന നര്‍ത്തകി അവരുടെ ആഗ്രഹപൂര്‍ത്തിയാണ് എന്ന് പറയാറുള്ള മഞ്ജുവാര്യര്‍. ചെടി പൂക്കുന്ന പോലെയോ കടല്‍ വെള്ളം മഴയാവുന്നത് പോലെയോ ആണ് നൃത്തമെന്ന് പറഞ്ഞ മഞ്ജുവാര്യര്‍. നൃത്തം ചെയ്യാനാഗ്രഹിക്കുന്നെങ്കില്‍, അത് ചെയ്യൂ ചിലങ്കകള്‍ കിലുങ്ങാനുള്ളതാണ് കരയാനുള്ളതല്ല എന്ന് പറഞ്ഞ മഞ്ജുവാര്യര്‍. കലാമണ്ഡലം മഞ്ജുവാര്യരല്ല, സിനിമാക്കാരി മഞ്ജുവാര്യര്‍.

എന്‍റെ ഹേമലതാ മാഡം, തറവാട്ടു മഹിമയില്‍ അഭിരമിക്കുന്ന കുട്ടിക്കാലം കഴിഞ്ഞ് പോയത് കൊണ്ടാവണം നിങ്ങളഭിമാനത്തോടെ ഘോഷിക്കുന്ന കലാകാരന്മാരുടെ ഈ ഔദ്യോഗികത്തറവാട് എന്നിലൊരു ചലനവുമുണ്ടാക്കാത്തത്. വള്ളത്തോള്‍ നാരായണ മേനോനും മണക്കുളം മുകുന്ദരാജയും ചേര്‍ന്ന് രൂപീകരിച്ച പഴയ കലാമണ്ഡലത്തെക്കുറിച്ചല്ല, പത്തെണ്‍പത്തിരണ്ട് കൊല്ലത്തിന് ശേഷം നമുക്ക് പറയാനുള്ളത് കേരള കലാമണ്ഡലം എന്ന ഡീംഡ് യൂണിവേഴ്സിറ്റിയെപ്പറ്റിയാണ്. അവിടെ നിന്ന് കോഴ്സ് കഴിഞ്ഞിറങ്ങുന്നവര്‍ ഔദ്യോഗിക്കാരാണ്.

കൊടൈക്കനാലിലെത്തുന്ന സായിപ്പന്മാര്‍ക്കു പിറകേ, ‘ പ്ലീസ്, ഐ ആം ആന്‍ ഓദറൈസ്ഡ് ഗൈഡ്’ എന്നും പറഞ്ഞോടുന്ന ജഗതിയെ കണ്ടത് ജനുവരി ഒരു ഓര്‍മ്മ എന്ന പടത്തിലാണ്. പേരിനൊപ്പം കലാമണ്ഡലമെന്ന വിലാസവും ചേര്‍ത്ത്, ഐ ആം ആന്‍ ഓദറൈസ്ഡ് ഡാന്‍സര്‍ എന്ന് വിലപിച്ചുള്ള ഈ നെട്ടോട്ടമുണ്ടല്ലോ, ഈ പരിഭവം പറച്ചില്‍ അതിനെ വൃത്തികേടാക്കുന്നത് തറവാടിത്തഘോഷണം തന്നെ.

സിനിമാക്കാര്‍ കലാകാരന്മാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരരുത് എന്ന താങ്കളുടെ ഉപദേശം ഞാനിരുന്ന് വായിക്കുകയായിരുന്നു. മാഡം, പിച്ചയെടുക്കുന്നവരുടെ ചട്ടിയില്‍ കൈയിട്ട് വാരരുത് എന്നാണല്ലോ അങ്ങ് പറഞ്ഞത്, കൂടെ പറയട്ടെ ഏമാന്മാരുടെ കതകിങ്കല്‍ മുട്ടി എനിക്കവാര്‍ഡ് തരൂ എന്ന് വിലപിച്ച് പിച്ചയെടുത്തിട്ടല്ല നമ്മുടെ കലാകാരന്മാര്‍ ചരിത്രത്തിലിടം നേടിയത്. അതു മറക്കരുത്.

 

Related posts