പനമരം: വയനാട്ടിൽ ആദിവാസികൾക്ക് വീട് നിർമിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി മഞ്ചുവാര്യർ ഫൗണ്ടേഷൻ വഞ്ചിച്ചെന്ന കോളനി നിവാസികളുടെ പരാതിയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നിയമ നടപടികൾ അവസാനിപ്പിച്ചു. ഇന്നലെ നടന്ന ഹിയറിംഗിൽ സർക്കാറിന് 10 ലക്ഷം രൂപ നൽകി കോളനി നവീകരണ പദ്ധതിയിൽ പങ്കാളിയാകാൻ താൻ തയാറാണെന്നും കൂടുതൽ തുക ചെലവഴിക്കാനാകില്ലെന്നും മഞ്ചുവാര്യർ രേഖാമൂലം അറിയിച്ചു.
പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ 57 കുടംബങ്ങൾക്ക് വീടു നിർമിച്ചുനൽകാമെന്ന് മഞ്ചുവാര്യർ ഫൗണ്ടേഷൻ കോളനി നിവാസികൾക്ക് രേഖാമൂലം വാഗ്ദാനം നൽകിയെന്നും പിന്നീട് പദ്ധതി നടപ്പാക്കാനുള്ള തുക ഒറ്റയ്ക്ക് കണ്ടെത്താനാകില്ലെന്നറിയിച്ച് പദ്ധതിയിൽനിന്നും പിൻമാറുകയായിരുന്നുവെന്നുമാണ് പരാതി. ഇതിനെതിരെ കോളനി നിവാസികളും പഞ്ചായത്തധികൃരും നൽകിയ പരാതികളിലെ നടപടികളാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി അവസാനിപ്പിച്ചത്.
പരാതിയോടനുബന്ധിച്ചുള്ള ഹിയറിംഗിന് നിർബന്ധമായും നേരിട്ട് ഹാജരാകാൻ ഫൗണ്ടേഷൻ അധികൃതരോട് ലീഗൽ സർവീസ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മഞ്ചുവാര്യരുടെ അഭിഭാഷകൻ ഹാജരായി. കോളനിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി താൻ ഇതിനോടകം മൂന്നര ലക്ഷം രൂപ ചെലവഴിച്ചെന്നും എല്ലാ വീടുകളും നവീകരിക്കാനുള്ള തുക ഒറ്റയ്ക്ക് കണ്ടെത്താൻ തനിക്കാകില്ലെന്നും മഞ്ചുവാര്യർ ഹിയറിംഗിൽ രേഖാമൂലം അറിയിച്ചു.
സർക്കാരിലേക്ക് 10 ലക്ഷം രൂപകൂടി നൽകി പദ്ധതിയുമായി സഹകരിക്കാൻ താൻ തയാറാണ്. അതിൽകൂടുതൽ തുക ചെലവഴിക്കാനാകില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനിയും അപമാനം സഹിക്കാൻ ഒരുക്കമല്ലെന്നും മഞ്ചുവാര്യർ കത്തിൽ വ്യക്തമാക്കി. ഇതോടെ പരാതിയിൽ നടപടികൾ അവസാനിപ്പിച്ചതായി ജില്ലാ ലീഗൽ സർവീസ് അതോറിററി അറിയിച്ചു.
കോളനി നിവാസികൾക്ക് ഇനി പരാതിയുണ്ടെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുനീങ്ങാം. രണ്ടുമാസത്തിനകം വിഷയത്തിൽ എന്ത് തുടർനടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മഞ്ചുവാര്യർ ഫൗണ്ടേഷനോട് ആവശ്യപ്പെട്ടു. അതേസമയം സർക്കാർ സഹായത്തിലൂടെയെങ്കിലും കോളനിയിൽ പദ്ധതി നടപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് കോളനി നിവാസികൾ പ്രതികരിച്ചു.