കൊച്ചി: വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുകൾക്കു വീട് നിർമിച്ചു നൽകാമെന്നു പറഞ്ഞു നടി മഞ്ജുവാര്യർ കബളിപ്പിച്ചതായി ആദിവാസി ഗോത്രമഹാസഭ ആരോപിച്ചു. മഞ്ജുവാര്യരുടെ പ്രോജക്ട് നിലനിൽക്കുന്നതുകൊണ്ടു സർക്കാരിന്റെ മറ്റു പദ്ധതികൾ കോളനിയിൽ അനുവദിക്കാനാകില്ലെന്ന നിലപാടിലാണു ഉദ്യോഗസ്ഥരെന്നു ഗോത്രമഹാസഭ സംസ്ഥാന കോ-ഓർഡിനേറ്റർ എം. ഗീതാനന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
2017ലാണു മഞ്ജു വാര്യർ കോളനിയിലെത്തിയത്. വീടുകളുടെ ദുരവസ്ഥ നേരിൽകണ്ട അവർ 56 കുടുംബങ്ങൾക്കു മഞ്ജുവാര്യർ ഫൗണ്ടേഷനിലൂടെ വീടും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. രണ്ടു കോടിയോളം രൂപയാണ് ഇതിന് ചെലവു വരുന്നത്. ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയും പഞ്ചായത്തും ജില്ലാ ഭരണകൂടവും പ്രോജക്ട് അംഗീകരിക്കുകയും ചെയ്തു. 2018ലെയും 2019ലെയും പ്രളയം കോളനിയിൽ ഏറെ നാശം വിതച്ചിരുന്നു.