വീട്ടിൽ വരുന്ന അതിഥികളോട് കുറച്ച് കഞ്ഞി എടുക്കട്ടെ എന്നാണ് താനിപ്പോൾ ചോദിക്കുന്നതെന്ന് നടി മഞ്ജു വാരിയർ. ഒടിയൻ എന്ന സിനിമയുടെ റിലീസിനുശേഷം സോഷ്യൽ മീഡിയയിലെ ട്രോളുകളിൽ നിറഞ്ഞ ഡയലോഗായിരുന്നു കുറച്ചു കഞ്ഞിയെടുക്കട്ടെ എന്നത്. ചിത്രത്തിൽ മഞ്ജു വാരിയരുടെ കഥാപാത്രം മോഹൻലാലിന്റെ മാണിക്യൻ എന്ന കഥാപാത്രത്തോട് പറയുന്ന ഈ ഡയലോഗ് അസ്ഥാനത്തുള്ളതാണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞ ആക്ഷേപം.
മഞ്ജുവിന്റെ മാസ് ഡയലോഗ് എന്ന തലക്കെട്ടിലും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ നിറഞ്ഞു. എന്നാൽ ഈ കഞ്ഞി ട്രോളുകൾ താൻ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നാണ് മഞ്ജു വാരിയർ അഭിപ്രായപ്പെട്ടത്. ഇപ്പോൾ വീട്ടിൽ ആരെങ്കിലും വരുന്പോൾ ചായ എടുക്കട്ടെ എന്നല്ല കുറച്ചു കഞ്ഞിയെടുക്കട്ടെ എന്നാണ് താൻ ചോദിക്കുന്നതെന്നും മഞ്ജു പറയുന്നു.
ആറ്റുനോറ്റു കിട്ടിയ ട്രോളാണ്. ഇത് ഞാൻ ശരിക്കും ആസ്വദിക്കുകയാണ്- ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മഞ്ജു വാരിയർ പറഞ്ഞു. ഇതിന്റെ സ്രഷ്ടാക്കളെ താൻ അഭിനന്ദിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.