കൊച്ചി: കൊച്ചി നഗരത്തില്‍ പത്ത് രൂപയുടെ ഊണ് യാഥാര്‍ഥ്യമായി. എറണാകുളം നോര്‍ത്തിലുള്ള ലിബ്രാ ഹോട്ടലില്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടി മഞ്ജു വാര്യര്‍ ഇന്നലെ നിര്‍വഹിച്ചു.
ഇന്നു മുതല്‍ 10 രൂപ നൽകി സുഭിക്ഷമായി ഊണ് കഴിച്ചു മടങ്ങാം. ഇന്നു രാവിലെ 11 മുതല്‍ പാഴ്സല്‍ വിതരണം ആരംഭിക്കും.
ഒപ്പം ഇവിടെ ഇരുന്ന് കഴിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ചോറിനൊപ്പം സാമ്പാറും തോരനും പപ്പടവും അച്ചാറുമൊക്കെയുണ്ടാവും.
മിതമായ നിരക്കില്‍ സമൃദ്ധമായി ഭക്ഷണം വിളമ്പുന്ന സമൃദ്ധി@കൊച്ചി പദ്ധതി അഭിനന്ദനാര്‍ഹമാണെന്നു മഞ്ജു പറഞ്ഞു.
സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയര്‍ എം. അനില്‍കുമാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
എന്‍യുഎല്‍എം പദ്ധതി വഴി നടപ്പാക്കുന്ന സമൃദ്ധി@കൊച്ചിക്ക് മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്.
ലിബ്ര ഹോട്ടലിന്റെ താഴത്തെനിലയിലാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ അടുക്കള പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ 14 വനിതകളായിരിക്കും ഹോട്ടലിലെ തൊഴിലാളികള്‍.
ഒരുമാസം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം പിന്നീട് രാവിലെയും വൈകിട്ടും ഭക്ഷണം നല്‍കുന്നതും പരിഗണിക്കും.
വൈകാതെ ഇതേ കെട്ടിടത്തില്‍തന്നെ പണി പുരോഗമിക്കുന്ന ഷീ ലോഡ്ജും നഗരത്തിനായി സമര്‍പ്പിക്കുമെന്നു മേയര്‍ പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷീബലാല്‍, പി.ആര്. റെനീഷ്, ടി.കെ. അഷറഫ്, സുനിത ഡിക്സണ്‍, ജെ. സനില്മോന്, വി.എ. ശ്രീജിത്ത്, കൗണ്‍സിലര്‍ ആന്റണി കുരീത്തറ,
അഡീ. സെക്രട്ടറി എ.എസ്. നൈസാം തുടങ്ങിയവര്‍ പങ്കെടുത്തു. ഹോട്ടലിന് പേര് നിര്‍ദ്ദേശിച്ച കോര്പറേഷന് ജീവനക്കാരന് കൂടിയായ ഹരികൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു.