ആലുവ: ഭിക്ഷാടന മാഫിയയിൽനിന്ന് ജനസേവ ശിശുഭവൻ രക്ഷപെടുത്തിയ മഞ്ജുമാതയ്ക്ക് മാംഗല്യം. പാലക്കാട് പെരുങ്ങോട്ടുകുറിശി പറയൻകോട് കുന്നത്ത് ഗോപാലകൃഷ്ണന്റെയും സത്യഭാമയുടെയും മകനായ ഗോപീകൃഷ്ണനാണ് വരൻ.
മണ്ണൂർ കെആർപി ഓഡിറ്റോറിയത്തിൽ ഇന്നലെ രാവിലെ 11 ന് നടന്ന വിവാഹ ചടങ്ങിൽ ജനസേവ സ്ഥാപകൻ ജോസ് മാവേലിയടക്കം നിരവധിപേർ ആശംസകൾ അർപ്പിക്കാനെത്തി.
മഞ്ജുമാത ഐടിഐ ഇലക്ട്രീഷ്യൻ കോഴ്സ് പാസായി പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിൽ താത്കാലികമായി ജോലി നോക്കുകയാണ്. ഗോപീകൃഷ്ണൻ കുവൈറ്റിൽ കാർ മെക്കാനിക്കാണ്.
2002ൽ മൂന്നുവയസുള്ളപ്പോഴാണ് മഞ്ജുമാത ജനസേവയിലെത്തിയത്. അച്ഛൻ ശരീരം തളർന്ന് രോഗാവസ്ഥയിലായതോടെ അമ്മ ഉപേക്ഷിച്ചുപോയി. മഞ്ജു ഭിക്ഷാടന മാഫിയയുടെ കൈയിൽ അകപ്പെടുകയും ചെയ്തു.
ആസിഡ് ഒഴിച്ച് പൊള്ളിച്ച വ്രണങ്ങങ്ങളോടെ അങ്കമാലിയിൽ ഭിക്ഷാടനത്തിന് ഒരു പെൺകുട്ടിയെ ഉപയോഗിക്കുന്നതായി ചുമട്ടുതൊഴിലാളികളാണ് ജനസേവയെ അറിയിച്ചത്.
മഞ്ജുവിനെ രക്ഷപെടുത്തി ദീർഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് ആരോഗ്യവതിയായത്. ജനസേവയിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് മണ്ണൂർ കാർത്തികവീട്ടിൽ ശിവശങ്കരൻ – ലീല ദമ്പതികൾ മഞ്ജുമാതയെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അനുമതിയോടെ ദത്തെടുത്തത്. റിട്ട. സിഐഡി ഉദ്യോഗസ്ഥനായ ശിവശങ്കരന്റെ മരണത്തെത്തുടർന്ന് വളർത്തമ്മ ലീല യോടൊപ്പമാണ് മഞ്ജു ഇപ്പോൾ താമസിക്കുന്നത്.