‘ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലിലെ തണുപ്പില്‍ സൈക്കോളജിക്കലായും ഫിസിക്കലായും ഏറെ ആയാസപ്പെട്ട ദിനങ്ങൾ. അത്രയും ഉയരത്തില്‍ ഷൂട്ടിംഗ് ഉപകരണങ്ങള്‍ മലകയറ്റി ഇറക്കണം, ഗുഹയ്ക്കകത്ത് ഇറക്കണം. ഏറെ അപകടസാധ്യതയുള്ള സ്ഥലമാണു ഗുണ. പണ്ടു ശരിക്കും സംഭവിച്ചത് പടം ഷൂട്ട് ചെയ്യുമ്പോള്‍ വീണ്ടും സംഭവിക്കരുത് എന്നുണ്ടായിരുന്നു- മഞ്ഞുമ്മൽ ബോയ്സ് സംവിധായകന് ചിദംബരം രാഷ്ട്രദീപികയോടു പറഞ്ഞു.
ജാന്‍.എ.മനിനു മുന്നേ പ്ലാന്‍ ചെയ്ത സിനിമയാണോ…
ജാന്‍.എ.മനിന്റെ റിലീസ് സമയത്താണ് ഈ പ്രമേയം കേട്ടത്. ജാന്‍.എ.മൻ കോ പ്രൊഡ്യൂസറും ഈ പടത്തിന്റെ നിർമാതാക്കളിൽ ഒരാളുമാണ് എന്റെ സുഹൃത്ത് ഷോണ്‍ ആന്റണി. ഷോണിന് അറിയാവുന്നവരാണ് മഞ്ഞുമ്മലിലെ ആ യുവാക്കള്‍. അവരുടെ കഥ രസമായി തോന്നി. അവരെ ഞാന്‍ നേരിൽ കാണുകയും അവരുടെ അനുഭവം സിനിമയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
പൂര്‍ണമായും സംഭവകഥയാണോ…
യഥാര്‍ഥ സംഭവത്തില്‍നിന്നു പ്രചോദനം നേടി രൂപപ്പെടുത്തിയ സിനിമ എന്ന രീതിയിലല്ല, പൂര്‍ണമായും നടന്ന സംഭവം തന്നെയാണ് സിനിമ. മഞ്ഞുമ്മലില്‍നിന്നു കുറച്ചു യുവാക്കള്‍ കൊടൈക്കനാലിലേക്കു ടൂർ പോകുന്നു. അവിടത്തെ പ്രസിദ്ധമായ ഗുണ കേവിലേക്ക് എത്തുന്നു. ആ ഗുഹയിൽ അകപ്പെട്ടുപോകുന്ന ആളിന്റെ കഥയാണു സിനിമ. മറ്റെല്ലാവരും മടിച്ചുനില്ക്കുമ്പോള് സുഹൃത്തുക്കള്‍ തന്നെ രക്ഷാദൗത്യം ഏറ്റെടുക്കുന്നു. ആ സാഹചര്യത്തെ ശാരീരികമായും മാനസികമായും അവര്‍ എങ്ങനെയാണ് അതിജീവിച്ചതെന്നു സ്ക്രീനിൽ കാണിക്കാന്‍ ശ്രമിക്കുകയാണ്. യഥാര്‍ഥ സംഭവത്തിന്റെ വലിപ്പവും അതിന്റെ അര്‍ഥതലങ്ങളും തന്നെയാണ് ഈ പ്രമേയത്തിലേക്ക് ആകര്‍ഷിച്ചത്.
ട്രെയിലറിനപ്പുറം സിനിമ പറയുന്നത്…
സിനിമ കുറച്ചുകൂടി ഇമോഷണല്‍ റൈഡാണ്. നിങ്ങള്‍ സുഹൃത്തിനുവേണ്ടി ഏതറ്റം വരെ പോകും എന്നതിന്റെ ഉത്തരമാണു സിനിമ. സര്‍വൈവല്‍ ത്രില്ലറെന്നു പറയാം. പക്ഷേ, ഒരു ഇമോഷണല്‍ ഡ്രാമയാണ് അതിന്റെ കാമ്പ്. ഗുഹയില്‍ പെട്ടുപോയ സുഹൃത്തിനെ രക്ഷിക്കാന്‍ എല്ലാവരും ഒരേ മനസോടെ നില്‍ക്കുകയും അതില്‍ ഒരാള്‍ രക്ഷാദൗത്യം ഏറ്റെടുക്കുകയുമാണ്. അയാള്‍ മാറിയാല്‍ വേറൊരാള് ഇറങ്ങുന്നു. അത്രയും ദൃഢമാണ് അവര്‍ക്കിടയിലെ സൗഹൃദം.
മഞ്ഞുമ്മല്‍ ബോയ്സ് ടൈറ്റിലായത്…
അവരെല്ലാം മഞ്ഞുമ്മലിലെ പിള്ളേരാണല്ലോ. എല്ലാ നാടുകളിലും ഇത്തരം ബോയ്സ് ഗാംഗ് ഉണ്ടാകും. അങ്ങനെയൊരു യൂണിവേഴ്സല്‍ പേരാണത്. കണ്ണൂര്‍ ബോയ്സോ, തിരുവനന്തപുരം ബോയ്സോ…ഏതു ബോയ്സും ആവാം. എല്ലാ നാടുകളിലും ഇങ്ങനെ ഒരുകൂട്ടം ചെറുപ്പക്കാരും അവര്‍ ടൂര്‍ പോകുന്നതും അവരുടേതായ അനുഭവങ്ങളും ഓര്‍മകളുമൊക്കെ ഉണ്ടാവും.
മഞ്ഞുമ്മല്‍ ബോയ്സിനെ കണ്ടെത്തിയത്…
ഗണപതിയാണ് ഇതിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍. നടന്ന സംഭവത്തിലെ ആളുകള്‍ ആയതിനാല്‍ എല്ലാവരെയും നേരിട്ടുകണ്ട് അവരുടെ ഫോട്ടോഗ്രാഫും വീഡിയോയുമെടുത്തു. അവരുടെ മാനറിസങ്ങള്‍ പഠിച്ചു. നമുക്ക് അറിയാവുന്ന അഭിനേതാക്കളില്‍ ആ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്നത് ആരൊക്കെയെന്നു നോക്കി. അഭിനേതാക്കളെ നിശ്ചയിച്ചു. ശ്രീനാഥ് ഭാസി, സൗബിന്, ഗണപതി, ബാലു, അരുൺ കുര്യൻ…തുടങ്ങി വലിയ താരനിര ഇതിലുണ്ട്. വിഷ്ണു രഘു, സലിം കുമാറിന്റെ മകന് ചന്തു, സംവിധായകന് ലാലിന്റെ മകന് ജീന്‍, സംവിധായകന് ഖാലിദ് റഹ്മാന് എന്നിവരും ഇതില്‍ അഭിനയിക്കുന്നു.
യഥാര്‍ഥ സംഭവത്തിലെ സുഹൃത്തുക്കള്‍ ഈ സിനിമയിലുണ്ടോ…
വിദേശത്തുള്ള ഒന്നുരണ്ടുപേരൊഴിച്ചു ബാക്കിയെല്ലാവരും ഈ സിനിമയിലെ ഒരു ചെറിയ ഭാഗത്തു വരുന്നുണ്ട്.
സുഷിൻ ശ്യാം മ്യൂസിക്…
സുഹൃത്തായ സുഷിനൊപ്പം ഒരു വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സുഷിനും ഈ പ്രോജക്ടില്‍ താത്പര്യമായി. പാട്ടിനെക്കാളും ബാക്ക് ഗ്രൗണ്ട് സ്കോറിനാണു പ്രാധാന്യം. സുഷിന് ആദ്യമായാണ് ഇത്തരമൊരു ജോണറില്‍ വർക്ക് ചെയ്തത്. മലയാളത്തിലും അങ്ങനെയധികം വരാത്ത ജോണറാണ് സിനിമയുടേത്. കുറച്ചധികം ഇമോഷണലായിരിക്കണം, എന്‍ഗേജിംഗ് ആവണം, പക്ഷേ സാധാരണ പ്രേക്ഷകനു കണക്ട് ചെയ്യാനാവണം. അങ്ങനെയൊരു സ്കോര്‍ കണ്ടെത്തി ഇമോഷന്‍സ് ചോരാത്ത രീതിയിലാണ് സുഷിന് അതു ചെയ്തത്.
വേരുപടര്പ്പുകള് കടന്ന് ഗുഹയുടെ ഇരുട്ടിലേക്കും തണുപ്പിലേക്കും ആഴങ്ങളിലേക്കുമിറങ്ങുന്ന കാഴ്ചകള്‍. അതൊക്കെ ഒറിജിനലോ ആര്‍ട്ടോ…?
നിങ്ങള്‍ കണ്ടതില്‍ മിക്കതും അവിടത്തെ ഒറിജിനല്‍ കാഴ്ചകള്‍ തന്നെയാണ്. ആര്ട്ടേതാണ്, ഒറിജിനലേതാണ് എന്നു പറയുന്നതു സിനിമയുടെ രസം കൊല്ലുമെന്നതിനാല് ഇപ്പോള്‍ പറയുന്നില്ല. യഥാര്‍ഥ സംഭവം നടന്ന ഗുണ കേവില്‍ ഇറങ്ങിയും വേറെയിടങ്ങളിലും ഷൂട്ട് ചെയ്തിട്ടുണ്ട്.
ഗുഹയിലെ ഷൂട്ടിംഗ്….
ശാരീരിക പ്രയാസങ്ങള്‍ ഭയങ്കരമായിരുന്നു. ഭാരിച്ച ഉപകരണങ്ങളുമെടുത്തു ഗുഹയിലേക്ക് ഇറങ്ങുക, അവിടേക്കു വൈദ്യുതിയെത്തിക്കുക, ലൈറ്റ് തെളിക്കുക…അതൊക്കെ ആയാസകരമായിരുന്നു. പിന്നെ, കടുത്ത തണുപ്പുമാണ്. രാവിലെ അഞ്ചു മണിക്ക് ഷൂട്ട് തുടങ്ങി ഒമ്പതിനു തീര്‍ക്കണം. അത്രയും ചെറിയ ഗ്യാപ്പിലാണ് ഗുണയില്‍ ഷൂട്ട് ചെയ്തത്. അതിനായി അത്രയും നേരത്തേ മലകയറണം. കഠിനമായ ഷൂട്ടിംഗ് തന്നെയായിരുന്നു. അനുമതിയെടുത്താണ് ഗുണയിൽ ഷൂട്ട് ചെയ്തത്.
വെല്ലുവിളി..
അഭിനേതാക്കളും ഏറെ വെല്ലുവിളി നേരിട്ടു. കടുത്ത തണുപ്പില്‍ അപകടസാധ്യതയേറിയ സ്ഥലത്ത് അഭിനയിക്കണം. അതിനിടയില്‍ ഓടണം, ചാടണം. ലൊക്കേഷന്റെ പ്രത്യേകത കാരണമുള്ള പേടി മുഖത്തു കാണിക്കാതെ അഭിനയിക്കുകയും വേണം. അത് ഏറെ ആയാസകരമായിരുന്നു. അവിടെ കാമറയും മറ്റ് ഉപകരണങ്ങളും ചലിപ്പിക്കുന്നതും സ്ട്രെയിനായിരുന്നു. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. എല്ലാ ഡിപ്പാര്‍ട്മെന്റും ഒരേപോലെ കഷ്ടപ്പെട്ടാണ് ചിത്രീകരണം മികവുറ്റതാക്കിയത്.
തിയറ്റര്‍ അനുഭവം…
സൗണ്ടിന് ഈ സിനിമയിൽ വളരെ പ്രധാന്യമുണ്ട്. വേറിട്ടൊരനുഭവം തന്നെയായിരിക്കും തിയറ്ററില്‍ കിട്ടുക. ഷിജിന് ഹട്ടണും ഫസല്‍ ബക്കറുമാണ് സൗണ്ട് മിക്സ് ചെയ്തത്.
ടി.ജി. ബൈജുനാഥ്