തൃശൂർ: പ്രേക്ഷകർ ഹർഷാരവത്തോടെ നെഞ്ചിലേറ്റിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിൽ മാത്രമല്ല അന്യ സംസ്ഥാനത്തും ചിത്രത്തിനു നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആവേശത്തിലും സിനിമയുടെ ആഹ്ലാദം കെട്ടുപോകുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമാണ് എല്ലാ മണ്ഡലങ്ങളിലും. പ്രചരണത്തിരക്കിനിടയിലും തൃശൂരിലെ ഇടത് സ്ഥാനാർഥി വി. എസ്. സുനിൽകുമാർ. മഞ്ഞുമ്മൽ ബോയ്സിനൊപ്പം സിനിമ കാണാനെത്തിയതാണ് സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച.
മലയാളികളും തമിഴ്നാട്ടുകാരും മഞ്ഞുമ്മൽ ബോയ്സ് ഏറ്റെടുത്തതിന്റെ കാരണം നമ്മളെല്ലാവരും മനുഷ്യസ്നേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്നത് തന്നെയാണെന്ന് സുനിൽകുമാർ പറഞ്ഞു.
സൗഹൃദം സ്നേഹം എന്നൊക്കെ പറയുന്നതിന്റെ ഔനിത്യം എത്രമാത്രമുണ്ടെന്ന് കാണിക്കുന്ന സംഗതിയാണ് സുഭാഷിനെ രക്ഷിക്കാൻ വേണ്ടി സുഹൃത്തുക്കൾ നടത്തിയിട്ടുള്ള സാഹസികമായ പ്രവർത്തനമെന്ന് അദ്ദേഹം അഭിനന്ദിച്ചു.
മഞ്ഞുമ്മൽ ബോയ്സിന്റെ പ്രവർത്തനം മാത്രമല്ല, 2018ലും 2019ലും പ്രളയമുണ്ടായപ്പോഴും, 2020ൽ കൊവിഡ് സംഭവിച്ചപ്പോഴുമെല്ലാം നാടിനെ രക്ഷിക്കാൻ വന്നത് കേരളത്തിലെ ചെറുപ്പക്കാർ തന്നെയായിരുന്നു. ആ പാരമ്പര്യം തന്നെയാണ് മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി നടത്തിയിട്ടുള്ള അതിസാഹസികമായ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ റിയൽ ലൈഫ് കഥാപാത്രങ്ങളെ സുനിൽകുമാർ ആദരിക്കുകയും ചെയ്തു.
‘മഞ്ഞുമൽ ബോയ്സിലെ റിയൽ ഹീറോസിനൊപ്പം. ഇവരുടെ ഈ കഥ മികച്ച സിനിമയാക്കിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ’ എന്ന തലക്കെട്ടോടെ യഥാർഥ മഞ്ഞുമ്മൽ ബോയ്സിനൊപ്പമുള്ള ചിത്രവും, ‘മ്മ്ടെ മഞ്ഞുമ്മലെ പിള്ളേര് പൊളിയാട്ടാ’ എന്ന തലക്കെട്ടോടെ ഇവർക്കൊപ്പം സിനിമ കാണുന്ന വിഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.