മലയാളികള്‍ നെഞ്ചേറ്റിയ കുടുംബമാണ് തട്ടീം മുട്ടീം എന്ന സീരിയലിലെ അര്‍ജുനന്റേയും മോഹനവല്ലിയുടെയും. അമ്മായിയമ്മപ്പോരുകളും കണ്ണീര്‍ സീരിയലുകളും കണ്ടു മടുത്ത മലയാളികളുടെ സ്വീകരണമുറിയിലേക്ക് മോഹനവല്ലിയും അര്‍ജുനനും മായവതിയമ്മയും കുട്ടികളും കടന്നു വന്നത് കുടുംബബന്ധങ്ങളുടെ ഊഷ്മളത പങ്കുവച്ചുകൊണ്ടാണ്.
അഭിനയമാണ്, സീരിയലാണ് എന്നതൊക്കെ മറന്ന് അവര്‍ നമുക്കിടയില്‍, നമ്മളെപ്പോലെ കഴിയുന്ന കുടുംബമാണ് എന്നു കരുതുന്ന നിരവധി ആളുകളുണ്ട്. ഇതേക്കുറിച്ച് സീരിയലിലെ അഭിനേതാക്കള്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്.
തട്ടീം മുട്ടീം സീരിയലില്‍ തന്റെ മക്കളായ കണ്ണനും മീനാക്ഷിയുമായി അഭിനയിക്കുന്ന സിദ്ധാര്‍ഥ്, ഭാഗ്യലക്ഷ്മി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇക്കഴിഞ്ഞ ദിവസം മഞ്ജുപിള്ള ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ചിത്രത്തിനു ചുവട്ടില്‍ ഇതു മക്കളാണോ എന്നു ചോദിച്ച ആരാധകനോട് തട്ടീം മുട്ടീം കുട്ടികളാണ്, പക്ഷേ അവര്‍ എന്റെ മക്കള്‍ തന്നെയാണ് എന്നായിരുന്നു താരത്തിന്റെ മറുപടി.
മോഹനവല്ലിയുടേയും കുടുംബത്തിന്റെയും സുഖവിവരങ്ങള്‍ തിരക്കിയായിരുന്നു മറ്റു കമന്റുകള്‍. ഇതിനിടയില്‍ മീനാക്ഷിയോട് എന്റെ അന്വേഷണം പറയാമോ മോഹനവല്ലി ചേച്ചി എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് തീര്‍ച്ചയായും പറയാം എന്നും മഞ്ജുപിള്ള മറുപടി നല്‍കി.