ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ജയം. സിറ്റി സ്വന്തം തട്ടകത്തിൽ വാറ്റ്ഫോഡിനെ 3-1നു കീഴടക്കിയപ്പോൾ ലിവർപൂൾ 4-2ന് ബേണ്‍ലിയെ മറികടന്നു. കിരീടത്തിനായി ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 30 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ സിറ്റി 74 പോയിന്റുമായി ഒന്നാം സ്ഥാനത്തും ലിവർപൂൾ 73 പോയിന്റുമായി രണ്ടാമതുമാണ്.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ റോബർട്ടോ ഫിൻമിനോ (19, 67 മിനിറ്റുകൾ), സാഡിയോ മാനെ (29, 90+3-ാം മിനിറ്റ്) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്.
ആറാം മിനിറ്റിൽ വാസ്റ്റ് വുഡിലൂടെ മുന്നിൽകടന്നശേഷമായിരുന്നു ബേണ്‍ലിയുടെ തോൽവി. പിന്നിലായശേഷം ഹോം മത്സരങ്ങളിൽ തുടർച്ചയായി നാല് ജയം സ്വന്തമാക്കുന്ന ടീമെന്ന നേട്ടം ചെന്പടയെത്തേടിയെത്തി. 2013ലും 2015ലും ചെൽസി ഈ നേട്ടം സ്വന്തമാക്കിയശേഷം ഇതാദ്യമാണ് പ്രീമിയർ ലീഗിൽ ഒരു ടീം ഇത്തരം ജയം നേടുന്നത്.
ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം റഹീം സ്റ്റർലിംഗിന്റെ ഹാട്രിക്കാണ് സിറ്റിക്ക് ജയമൊരുക്കിയത്. 13 മിനിറ്റിനുള്ളിലായിരുന്നു താരത്തിന്റെ ഹാട്രിക്ക്. 46, 50, 59 മിനിറ്റുകളിൽ സ്റ്റർലിംഗ് വലകുലുക്കി. 66-ാം മിനിറ്റിൽ വാറ്റ്ഫോഡ് ഒരു ഗോൾ തിരിച്ചടിച്ചു.
പ്രീമിയർ ലീഗിലെ ഏറ്റവും വേഗമേറിയ രണ്ടാമത് ഹാട്രിക്കാണ് സ്റ്റർലിംഗ് സ്വന്തമാക്കിയത് (13 മിനിറ്റും 12 സെക്കൻഡും). 2016ൽ സണ്ടർലൻഡിനെതിരേ എവർട്ടണിനായി 11 മിനിറ്റ് 37 സെക്കൻഡിൽ റൊമേലു ലുക്കാക്കു നേടിയതാണ് റിക്കാർഡ്. അതേസമയം, സതാംപ്ടണിൽനിന്ന് ടോട്ടനത്തിന് (1-2) അപ്രതീക്ഷിത തിരിച്ചടി നേരിട്ടു.