ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ ചുവന്ന വിപ്ലവമാണ് അരങ്ങേറിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ ചുവന്ന ചെകുത്താന്മാർ മറുപടിയില്ലാത്ത നാല് ഗോളിനു ചെൽസിയെ തകർത്തു. മുൻ ക്യാപ്റ്റനായ ഫ്രാങ്ക് ലംപാർഡ് പരിശീലകനായി ചെൽസിയിൽ തിരിച്ചെത്തിയ ആദ്യ മത്സരത്തിലാണ് ഈ തോൽവി എന്നതും ശ്രദ്ധേയം.
ഇരുപത്തൊന്നുകാരനായ വെയ്ൽസ് താരം ഡാനിയേൽ ജയിംസ് അരങ്ങേറ്റ മത്സരത്തിൽ യുണൈറ്റഡിനായി ഗോൾ നേടിയതും ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെനൽറ്റിയിലൂടെ മാർക്കസ് റാഷ്ഫോഡ് ചെൽസിയുടെ വല കുലുക്കി.
65-ാം മിനിറ്റിൽ ആന്റണി മർത്യാലിലൂടെ യുണൈറ്റഡ് ലീഡ് 2-0 ആക്കി. രണ്ട് മിനിറ്റിനുശേഷം റാഷ്ഫോഡ് തന്റെ രണ്ടാം ഗോളും ആതിഥേയരുടെ മൂന്നാം ഗോളും നേടി. 81-ാം മിനിറ്റിലായിരുന്നു പോൾ പോഗ്ബയുടെ അസിസ്റ്റിൽനിന്ന് ഡാനിയേൽ ജയിംസ് ചെൽസിയുടെ വലയിൽ പന്ത് നിക്ഷേപിച്ചത്.
തുടർച്ചയായ നാലാം ഓപ്പണിംഗ് ഡേ ലീഗ് ജയമാണ് യുണൈറ്റഡ് നേടിയത്. 1905-06 മുതൽ 1910-11വരെയുള്ള സീസണുകളിൽ ആറ് ജയം നേടിയതാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് മത്സര വിജയ റിക്കാർഡ്.
മറ്റൊരു മത്സരത്തിൽ ആഴ്സണൽ 1-0നു ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി. 58-ാം മിനിറ്റിൽ പീറെ എംറിക് ഒൗബമയാംഗ് നേടിയ ഗോളാണ് എവേ പോരാട്ടത്തിൽ ഗണ്ണേഴ്സിന്റെ ജയമൊരുക്കിയത്. ലെസ്റ്റർ സിറ്റി x വൂൾവ്സ് മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
ജയം 4-0
ചെൽസിക്കെതിരേ മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയ 4-0ന്റെ ജയം ടോപ് ഫൈറ്റ് പോരാട്ട ചരിത്രത്തിൽ ഏറ്റവും വലിയ ജയമാണ്. 1965ൽ മാറ്റ് ബസ്ബിയുടെ കീഴിൽ ചെൽസിയെ 4-0നു കീഴടക്കിയശേഷം ആദ്യമായാണ് യുണൈറ്റഡ് ഇത്രയും ഗോൾ വ്യത്യാസത്തിൽ നീലപ്പടയ്ക്കെതിരേ ജയം നേടുന്നത്. 104 വർഷത്തെ ചെൽസിയുടെ ലീഗ് ചരിത്രത്തിൽ സീസണിലെ ആദ്യ മത്സരത്തിൽ അവർ നേരിടുന്ന ഏറ്റവും വലിയ തോൽവിയുമാണിത്.