മിലാന്: യൂറോപ്പ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറില്‍. മിലാനില്‍ നടന്ന പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദ മത്സരത്തില്‍ യുണൈറ്റഡ് 1-0ന് എസി മിലാനെ തകര്‍ത്തു. പോള്‍ പോബ്ഗയുടെ തകര്‍പ്പന്‍ ഗോളിലാണ് യുണൈറ്റഡിന്റെ ജയം. ഇതോടെ യുണൈറ്റഡ് 2-1ന്റെ അഗ്രഗേറ്റ് ജയം നേടി.
പകരക്കാനായി ഇറങ്ങിയ പോഗ്ബ രണ്ടാം പകുതി തുടങ്ങി മൂന്നു മിനിറ്റായപ്പോള്‍ വല കുലുക്കി. ഫെബ്രുവരി ആറിനുശേഷം ആദ്യമായാണു പോഗ്ബ യുണൈറ്റഡിനായി ഇറങ്ങുന്നത്. പകരക്കാനായി മിലാന് ഇറക്കിയ സ്ലാട്ടന് ഇബ്രാഹിമോവിച്ചിലൂടെ സമനിലയ്ക്കായി ശ്രമിച്ചു.
74-ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചിന്റെ ശ്രമം യുണൈറ്റഡ് ഗോളി ഡീന്‍ ഹെന്ഡേഴ്സണ് തകര്‍പ്പന്‍ രക്ഷപ്പെടുത്തലിലൂടെ അകറ്റി. മിലാന് ശക്തമായി ആക്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധം ഭേദിക്കാനായില്ല.2020-21 സീസണില്‍ എവേ ഗ്രൗണ്ടില്‍ യുണൈറ്റഡിനു മികച്ച റിക്കാര്‍ഡാണുള്ളത്.
പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെ എവേ മത്സരങ്ങളിലൊന്നും യുണൈറ്റഡ് പരാജയപ്പെട്ടിട്ടില്ല. രണ്ടാം പകുതിയില്‍ മാര്‍കസ് റാഷ്ഫോര്‍ഡിനു പകരമാണ് പോഗ്ബ എത്തിയത്. ഈ നീക്കം ഉടനടി കളിയില്‍ മാറ്റം വരുത്തുകയും ചെയ്തു.മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ സ്വന്തം എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ 1-0ന് ഒളിമ്പ്യാക്കോസിനോടു പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ 3-1ന്റ ജയം ടീമിനെ ക്വാര്‍ട്ടറിലെത്തിച്ചു.
3-2ന്റെ അഗ്രഗേറ്റിലാണ് ആഴ്സലണല്‍ ക്വാര്‍ട്ടറിലെത്തിയത്.ആദ്യപാദത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ നേടിയ വിജയത്തിന്റെ (2-0) ആത്മവിശ്വാസത്തില്‍ സാഗ്രെബില്‍ ഇറങ്ങിയ ടോട്ടനത്തെ 3-0ന് ഡൈനാമോ സാഗ്രെബ് പരാജയപ്പെടുത്തി. 3-2ന്റെ അഗ്രഗേറ്റില്‍ സാഗ്രെബ് ക്വാര്‍ട്ടറിലെത്തുകയും ചെയ്തു. അയാക്സ് ആംസ്റ്റര്‍ഡാം, വിയ്യാറയല്‍, സാല്‍വിയ പ്രാഹ, എഎസ് റോമ, ഗ്രനാഡ ടീമുകള്‍ ക്വാര്‍ട്ടറിലെത്തി.