ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിയിൽ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാന്പ്യന്മാരായി. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഓൾഡ് ട്രാഫഡിൽ വെസ്റ്റ് ബ്രോംവിച്ചിനോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റപ്പോൾ സിറ്റി എവേ ഗ്രൗണ്ടിൽ ഒന്നിനെതിരേ മൂന്നു ഗോളിനു ടോട്ടനത്തെ തോൽപ്പിച്ചു. രണ്ടു വർഷത്തിനുശേഷമാണ് സിറ്റി ചാന്പ്യന്മാരാകുന്നത്. ഇതോടെ ഇംഗ്ലണ്ടിലെ ആദ്യ സീസണ് തന്നെ പെപ് ഗാർഡിയോളയ്ക്ക് രണ്ടു കിരീടങ്ങളോടെ അവസാനിപ്പിക്കാനായി. ഫെബ്രുവരിയിൽ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയിരുന്നു.
മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി ഗബ്രിയേൽ ജീസസ് (22-ാം മിനിറ്റ്), ഇൽകെ ഗുണ്ടോഗൻ (25-ാം മിനിറ്റ്, പെനാൽറ്റി), റഹീം സ്റ്റെർലിംഗ് (72-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്. ക്രിസ്റ്റ്യൻ എറിക്സണാണ് (42-ാം മിനിറ്റ്) ടോട്ടനത്തിന്റ ഗോളിനുടമ.
74-ാം മിനിറ്റിൽ ജേ റോഡ്രിഗസിന്റെ ഗോളിലാണ് സ്വന്തം ഗ്രൗണ്ടിൽ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനമുള്ള വെസ്റ്റ്ബ്രോമിനോട് തോറ്റത്. തോൽവി നേരിട്ടതോടെ യുണൈറ്റഡിന്റെ രണ്ടാം സ്ഥാനം തന്നെ ഭീഷണിയിലായി. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളുമായി ഒരു പോയിന്റ് വ്യത്യാസമുള്ളൂ.
മറ്റ് മത്സരങ്ങളിൽ ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളിനു ബോണ്മൗത്തിനെ തോൽപ്പിച്ചപ്പോൾ ആഴ്സണൽ മുന്നിട്ടുനിന്നശേഷം ന്യൂകാസിൽ യുണൈറ്റഡിനോട് 2-1ന് തോറ്റു. അലക്സാണ്ടർ ലകാസെ (14-ാം മിനിറ്റ്) ആഴ്സണലിനെ 14-ാം മിനിറ്റിൽ മുന്നിലെത്തിച്ചു. എന്നാൽ, അയോസെ പെരസ് (29-ാം മിനിറ്റ്), മാറ്റ് റിറ്റ്ച്ചി (68-ാം മിനിറ്റ്) എന്നിവരുടെ ഗോളുകൾ ന്യൂകാസിലിനു ജയം നൽകി. പോയിന്റ് നിലയിൽ ടോട്ടനം നാലാമതും ചെൽസി അഞ്ച്, ആഴ്സണൽ ആറ് സ്ഥാനങ്ങളിലുമാണ്.
തകരുന്ന റിക്കാർഡുകൾ
ഗാർഡിയോളയുടെ ടീം ഈ പ്രീമിയർ ലീഗ് സീസണിൽ നടത്തിയത് ഗംഭീര പ്രകടനമായിരുന്നു. തുടർച്ചയായി 22 കളിയിൽ തോൽവി അറിഞ്ഞില്ല. ഇതിൽ 18 എണ്ണത്തിലും തുടർ ജയമായിരുന്നു. ലിവർപൂളിനോടും മാഞ്ചസ്റ്റർ യുണൈറ്റഡിനോടും മാത്രമേ പരാജയപ്പെട്ടുള്ളൂ. സിറ്റിയുടെ കുതിപ്പിൽ നിരവധി പ്രത്യേകതകൾ ഉണ്ട്. ഏറ്റവും കൂടുതൽ ജയം, ഏറ്റവും കൂടുതൽ ഗോൾ, വൻ ജയങ്ങൾ എന്നിവയെല്ലാമുണ്ടായിരുന്നു. മിക്ക മത്സരങ്ങളിലും കുറഞ്ഞത് മൂന്നു ഗോളാണ് സിറ്റി സ്കോർ ചെയ്തത്.
33 മത്സരങ്ങളിൽനിന്ന് 87 പോയിന്റുള്ള സിറ്റി അടുത്ത മത്സരങ്ങളിലെല്ലാം ജയിച്ചാൽ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടീമാകും. 2004-05ൽ ഹൊസെ മൗറിഞ്ഞോയുടെ ചെൽസി നേടിയ 95 പോയിന്റിന്റെ റിക്കാർഡാകും തകരുക. സ്വാൻസി സിറ്റി, വെസ്റ്റ്ഹാം യുണൈറ്റഡ്, ഹഡ്ഡേഴ്സ്ഫീൽഡ്, ബ്രൈറ്റൻ, സതാംപ്ടണ് ടീമുകൾക്കെതിരേയാണ് സിറ്റിയുടെ ഇനിയുള്ള മത്സരങ്ങൾ.
2009-10ൽ കാർലോ ആൻസിലോട്ടിയുടെ ചെൽസി കിരീടം ഉയർത്തിയപ്പോൾ അന്ന് ഏറ്റവും കൂടുതൽ ഗോൾ (103), ഗോൾ വ്യത്യാസം (+71), സ്വന്തം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ (68) എന്നിങ്ങനെയുള്ള റിക്കാർഡ് നേടിയിരുന്നു. ഇപ്പോൾ സിറ്റി ആകെ 93 ഗോൾ നേടിക്കഴിഞ്ഞു. ഗോൾ വ്യത്യാസം +68 ഉം. എത്തിഹാദ് സ്റ്റേഡിയത്തിൽ 16 ഗോൾ നേടിക്കഴിഞ്ഞാൽ ഗാർഡിയോളയുടെ ടീമിന് ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന സംഘമാകാം.
ഗാർഡിയോള ശൈലി
ബാഴ്സലോണയിലും ബയേണ് മ്യൂണിക്കിലുമുള്ള കാലത്ത് എട്ട് സീസണിലായി ആകെ 21 കിരീടങ്ങളാണ് ഗാർഡിയോള നേടിയത്. ഈ പ്രീമിയർ ലീഗിൽ ഈ സീസണിൽ പാസിംഗിൽ മികച്ച പ്രകടനം കാഴ്ചവച്ച ടീമാണ് സിറ്റി. മാസങ്ങൾകൊണ്ട് ഗാർഡിയോള സിറ്റിയെ ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മാരകവും ഒപ്പം സുന്ദരവുമായ കളി കാഴ്ചവയ്ക്കുന്ന ടീമാക്കി മാറ്റി.
ഗ്രൗണ്ട് 20 സോണുകളായി തിരിച്ച് അഞ്ച് വെർട്ടിക്കൽ ഇടവും നാല് ഹൊറിസോണ്ടൽ ഇടവും ഉണ്ടാക്കിയാണ് ഗാർഡിയോള ഗ്രൗണ്ടിനെ മുറിക്കുന്നത്. ഇങ്ങനെ വരുന്പോൾ ഹൊറിസോണ്ടൽ ഇടത്ത് മൂന്നു കളിക്കാരിൽ കൂടുതൽ വരില്ല. വെർട്ടിക്കൽ ഭാഗത്ത് രണ്ടിലധികം പേരും വരില്ല.
ഇങ്ങനെ അണിനിരത്തുന്പോൾ കളിക്കാർക്ക് ഓരോരുത്തർക്കും ഗ്രൗണ്ടിൽ അവരുടെ സ്ഥാനം അറിയാനാകും. ഈ സംവിധാനത്തിലൂടെ കളിക്കാർക്ക് പാസ് സ്വീകരിക്കാനുള്ള സ്ഥലം കൂടുതൽ ലഭിക്കും. എതിർ ടീമിന്റെ സെൻട്രൽ ഡിഫൻഡർമാർക്കും ഫുൾ ബായ്ക്കുകൾക്കുമിടയിൽ ഗാർഡിയോള ഒരു സ്ഥലം- ഹാഫ് സ്പെയ്സ് ഉണ്ടാക്കിയെടുക്കും. ഈ സ്ഥലത്തിലൂടെയാണ് സിറ്റിയുടെ ഗോളുകൾ കൂടുതലും വരുന്നത്.
ഗാർഡിയോള ബാഴ്സലോണയിൽ സ്വീകരിച്ച പാസിംഗ് ഗെയിം സിറ്റിയിലും ആവിഷ്കരിച്ചതോടെ ടീമിന്റെ ശൈലിമാറി. ഗാർഡിയോളയ്ക്ക് സിറ്റിക്കൊപ്പം ഒരു വർഷത്തെ കരാർകൂടിയേയുള്ളൂ.