പാരീസ്: ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അക്കൗണ്ടിംഗ് കമ്പനി കെപിഎംജിയാണ് ഇക്കാര്യമറിയിച്ചത്. ക്ലബ്ബിന്റെ എല്ലാ ആസ്തികളും പരിഗണിച്ചാണ് മൂല്യം നിര്‍ണയിക്കുന്നത്. 2017നെ അപേക്ഷിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മൂല്യം അഞ്ച് ശതമാനം വര്‍ധിച്ചു.
320 കോടി യൂറോ (25,600 കോടി രൂപ) യാണ് യുണൈറ്റഡിന്റെ മൂല്യം. റയല്‍ മാഡ്രിഡ് (290 കോടി യൂറോ – 23,200 കോടി രൂപ), എഫ്സി ബാഴ്സലോണ (280 കോടി യൂറോ- 22,378 കോടി രൂപ) തുടങ്ങിയവയെയാണ് യുണൈറ്റഡ് പിന്നിലാക്കിയത്.
ക്ലബ്ബിന്റെ ആസ്തികളാണ് പരിഗണിക്കുക. അതില്‍ സ്വന്തം സ്റ്റേഡിയം, കളിക്കാരുടെ വില, ബ്രാന്‍ഡിന്റെ വില, പരസ്യക്കരാര്‍, ക്ലബ്ബിന്റെ സോഷ്യല്‍ നെറ്റ്വര്ക്കുകളിലെ സ്വീകരണം എന്നിവയും ഉള്‍പ്പെടുമെന്ന് കെപിഎംജിയുടെ കായിക ഉപദേശക സമിതി തലവന്‍ ഴാക്ക് ബൂസാജ് പറഞ്ഞു.
32 യൂറോപ്യന്‍ ക്ലബ്ബുകളുടെ വിലയിരുത്തലില്‍ ബയേണ്‍ മ്യൂണിക്ക് (255 കോടി യൂറോ) നാലാം സ്ഥാനത്തും യുവന്റസ് (130 കോടി യൂറോ) ഒമ്പതാം സ്ഥാനത്തും പാരി സാന്‍ ഷെര്‍മയിന്‍ (114 കോടി യൂറോ) പതിനൊന്നാം സ്ഥാനത്തുമാണ്. 2017നെ അപേക്ഷിച്ച് 32 ക്ലബ്ബുകളുടെ മൂല്യം 9 ശതമാനം ഉയര്‍ന്ന് 3250 കോടി യൂറോയിലെത്തി.