സ്റ്റോക്ഹോം: യൂറോപ്പ ലീഗ് കിരീടത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കു യോഗ്യത നേടി. തിങ്കളാഴ്ച മാഞ്ചസ്റ്റര്‍ അരീനയിലുണ്ടായ ഭീകരാക്രമണം ഏല്‍പ്പിച്ച ദുഃഖത്തിനുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് സന്തോഷിക്കാനൊരു വകയായി ഈ കിരീട നേട്ടം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് കിക്കോഫിനു മുമ്പ് ഒരു മിനിറ്റ് മൗനമാചരിച്ചു.
യൂറോപ്പ ലീഗിലെ സ്റ്റോക്ഹോമില് നടന്ന ഫൈനലില്‍ അയാക്സിനെ 2-0ന് തോല്‍പ്പിച്ചാണ് ചുവന്ന ചെകുത്താന്മാര് കിരീടം സ്വന്തമാക്കിയത്. യൂറോപ്പ ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്മാരാകുന്നത്. പോള്‍ പോഗ്ബ, ഹെന്റിക് മിഖിത്രായന് എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിനെ ചാമ്പ്യന്‍സ് ലീഗിലേക്കു തിരിച്ചുകൊണ്ടുവന്നത്.
ലൂയി വാന്‍ ഗാലിനു പിന്‍ഗാമിയായി യുണൈറ്റഡിന്റെ പരിശീലകനായെത്തിയ ഹൊസെ മൗറിഞ്ഞോയ്ക്കും ആശ്വാസിക്കാനുള്ള വകയായി ഈ കിരീടം. യുണൈറ്റഡിനൊപ്പമുള്ള മൂന്നാമത്തെ കിരീടമാണ്. സീസണു മുമ്പ് നടന്ന എഫ് എ കമ്യൂണിറ്റി ഷീല്‍ഡ് നേടിയശേഷം ലീഗ് കപ്പിലും ജേതാക്കളായി. ഈ കിരീട നേട്ടത്തോടെ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്ത് തളയ്ക്കപ്പെട്ടതിന്റെ് വേദന യുണൈറ്റഡ് ആരാധകര്‍ക്ക് മറക്കാം.
യൂറോപ്പ ലീഗിന്റെ ഫൈനലില്‍ യുണൈറ്റഡിനെതിരേ അയാക്സിന്റെ യുവസംഘത്തെയാണ് ഇറക്കിയത്. യൂറോപ്യന്‍ ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംഘമായിരുന്നു അത്. കിരീട നേട്ടം യുണൈറ്റഡിനെ അയാക്സ്, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് എന്നീ ക്ലബ്ബുകളുടെ നേട്ടത്തോടൊപ്പമെത്തിച്ചു. ഈ ക്ലബ്ബുകള്‍ യുവേഫയുടെ പ്രധാന മൂന്നു ട്രോഫിയും നേടിയിട്ടുള്ളത്. ഇതില്‍ യൂറോപ്യന്‍ കപ്പ് വിന്നേഴ്സ് കപ്പ്, ക്ലബ് ലോകകപ്പോ അല്ലെങ്കില്‍ ഇന്റര്‍കോണ്ടിനന്റല്‍ കപ്പോ നേടിയിട്ടുള്ളവരാണ്.
2003ല്‍ മൗറിഞ്ഞോ പോര്‍ട്ടോയ്ക്കൊപ്പം യൂറോപ്പ ലീഗ് ചാമ്പ്യന്മാരായിരുന്നു. യൂറോപ്യന്‍ പോരാട്ടത്തില്‍ ഒമ്പത് വര്‍ഷത്തിനുശേഷം യുണൈറ്റഡ് നേടുന്ന ആദ്യ കിരീടമാണ്.കിക്കോഫിനു മുമ്പ് ഒരു നിമിഷത്തെ മൗനത്തിനുശേഷം പെട്ടെന്നു കരഘോഷത്തിലേക്കു കടന്നു. നഗരത്തിലേല്പ്പിച്ച ആക്രമണം കളിക്കാരില്‍ വലിയതോതില്‍ ആഘാതമേല്പ്പിച്ചുവെന്ന് മൗറിഞ്ഞോ മത്സരത്തിനു മുമ്പ് പറഞ്ഞു.
എന്നാല്‍ ഈ വേദന മറന്നുകൊണ്ട് യുണൈറ്റഡ് താരങ്ങള്‍ ആദ്യ മുതലേ മികച്ച നീക്കങ്ങള്‍ നടത്തി. പോഗ്ബയിലൂടെ ലീഡ് നേടുകയും ചെയ്തു. 1996ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനോടു തോറ്റശേഷം അയാക്സിന്റെ ആദ്യ യൂറോപ്യന്‍ ഫൈനലായിരുന്നു.
യൂറോപ്പയുടെ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും രണ്ടു പാദങ്ങളുമായി ഷാല്ക്കെയ്ക്കെതിരേയും ലിയോണിനെതിരേയും അഞ്ചു ഗോള്‍ നേടിയ അയാക്സിന്റെ ആക്രമണനിര യുണൈറ്റഡിനെതിരേ തീര്‍ത്തും മങ്ങിപ്പോയി. രണ്ടാം പകുതിയില്‍ മിഖിത്രായന്റെ ഗോളും ചേര്‍ന്നപ്പോള്‍ അയാക്സിന്റെ തോല്‍വി പൂര്‍ത്തിയായി. യൂറോപ്പ ലീഗിന്റെ ഈ സീസണില്‍ മിഖിത്രായന്റെ ആറാമത്തെ ഗോളായിരുന്നു. പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും അയാക്സായിരുന്നു മുന്നിൽ. എന്നാല്‍ യുണൈറ്റഡൊരുക്കിയ പ്രതിരോധപ്പൂട്ട് തകര്‍ക്കാനും സെര്‍ജിയോ റൊമേരോയെ കടക്കാനും അയാക്സ് താരങ്ങള്‍ക്കായില്ല.
മത്സരം തുടങ്ങി 24-ാം സെക്കന്‍ഡില്‍ പോഗ്ബ വലയിലേക്ക് ഉയര്‍ത്തിവിട്ട പന്ത് പുറത്തേക്കു പോയി. മാര്‍ക്കസ് റഷ്ഫോര്‍ഡിന്റെ ഷോട്ട് അയാക്സിന്റെ പ്രതിരോധത്തില്‍ തട്ടിപ്പോയി. അയാക്സിന്റെ ഭാഗത്തുനിന്നും മിന്നുന്ന നീക്കമുണ്ടായി ബെര്‍ട്രാന്‍ഡ് ട്രാവോരെയുടെ അടി സെര്‍ജിയോ റൊമേരേ രക്ഷപ്പെടുത്തി.
18-ാം മിനിറ്റില്‍ യുണൈറ്റഡ് വല കുലുക്കി. അയാക്സിന്റെ ത്രോ പിടിച്ചെടുത്ത യുണൈറ്റഡ് ഗോളിനുള്ള നീക്കമാരംഭിച്ചു. മൗറോണ് ഫെല്ലേനി ബോക്സിനു അരികില്‍നിന്ന് പോഗ്ബയ്ക്കു പന്ത് കൈമാറി. പോഗ്ബ പന്ത് വലയിലേക്കു തൊടുക്കുന്ന വഴിയില്‍ ഡേവിന്സണ് സാഞ്ചസിന്റെ ദേഹത്തു തട്ടി സ്ഥാനം തെറ്റി നിന്ന ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാനയെ കടന്ന് വലയില്‍ തറച്ചുകയറി. ഇതോടെ യുണൈറ്റഡ് പ്രതിരോധം ശക്തമാക്കി. സമനിലയ്ക്കായി അയാക്സ് നിലയുറപ്പിച്ചു. പന്തടക്കത്തില്‍ മേധാവിത്വം പുലര്‍ത്തുകയും ചെയ്തു. എന്നാല്‍ അവസരങ്ങള്‍ ഉപയോഗിക്കാനായില്ല.
രണ്ടാം പകുതിക്കുശേഷം യുണൈറ്റഡും ഒത്തിണക്കം പാലിച്ചു. മൂന്നു മിനിറ്റായപ്പോഴേ ഇതിന്റെ ഫലം കണ്ടു മിഖിത്രായന്റെ വക ഗോള്‍. വലതുവശത്തുനിന്നു വന്ന ഒരു കോര്‍ണറിനു തുടര്‍ച്ചയായി വന്ന പന്തിന് ക്രിസ് സ്മോളിംഗ് ഉയര്‍ന്നു ചാടി ഹെഡ് ചെയ്തു മിഖിത്രായനു മറിച്ചു നല്കി. മിഖിത്രായന്റെ ക്ലോസ് റേഞ്ച് ഷോട്ട് അയാക്സിന്റെ കഥകഴിച്ചു.
ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള അയാക്സിന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഡോണി വാന്‍ ഡി ബീക്കിനു റൊമേരിയോയെ പരീക്ഷിക്കുന്ന തരത്തിലൊരു ഷോട്ടെടുക്കാനായില്ല. യൂണൈറ്റഡിനൊപ്പമുള്ള അവസാനമത്സരമെന്ന് കരുതപ്പെടുന്ന വെയ്ന്‍ റൂണിയെ മൗറിഞ്ഞോ അവസാന മിനിറ്റിലിറക്കി.