സെൽറ്റ: യുവേഫ യൂറോപ്പ ലീഗില്‍ കിരീട പ്രതീക്ഷകള്‍ സജീവമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറുന്നു. ആദ്യപാദ സെമിയില്‍ സ്പാനിഷ് ടീമായ സെല്‍റ്റ വിഗോയെ മറുപടിയില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു യുണൈറ്റഡ് ഫൈനലിലേക്കു ഒരു ചുവട് വച്ചു.
11ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ ഈ ഗോള്‍ അനുകൂല്യം നിലനിര് ത്തിയാല് മാഞ്ചസ്റ്ററിനു ഫൈനല്‍ ഉറപ്പിക്കാം. സെല്‍റ്റ വിഗോയുടെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 67-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഇംഗ്ലണ്ടിന്റെ യുവതാരം മാര്‍ക്കോസ് റാഷ്ഫോര്‍ഡ് ആണ് മാഞ്ചസ്റ്ററിന്റെ വിജയഗോള്‍ നേടിയത്.
സൂപ്പര്‍ താരങ്ങളില്ലാതെയാണ് ഇക്കുറി മാഞ്ചസ്റ്റര്‍ പോരിനിറങ്ങിയത്. സ്ലാട്ടന് ഇബ്രാഹിമോവിച്ചും മാര്‍ക്കോസ് റോഹോയും പരിക്കിനെത്തുടര്‍ന്നു ഇറങ്ങിയിരുന്നില്ല. ക്വാര്‍ട്ടറില്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് ഇരുവര്‍ക്കും വിനയായത്. ഇവരുടെ അഭാവത്തില്‍ ഒട്ടേറെ മാറ്റങ്ങളുമായാണ് കോച്ച് മൗറീഞ്ഞോ ടീമിനെ വിന്യസിപ്പിച്ചത്.
ജെസെ ലിന്‍ഗാര്‍ഡ്, മഖിതര്യന്, റാഷ്ഫോര്‍ഡ് എന്നിവര്‍ക്കായിരുന്നു ആക്രമണങ്ങളുടെ ചുമതല. മധ്യനിരയില്‍ ഫെല്ലിനി, പോള്‍ പോഗ്ബ, ആന്‍ഡെര്‍ ഹേരേര എന്നിവരും അണിനിരന്നു. അന്റോണിയോ വലന്‍സിയയുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധം.
മറുവശത്ത് ജോണ്‍ ഗ്യൂഡെറ്റിയായിരുന്നു മുന്‍നിരയില്‍. ലോഗോ അസ്പാസ്, ഡാനിയേല്‍ വാസ് എന്നിവരുടെ നേതൃത്വത്തില്‍ മധ്യനിരയും അണിനിരന്നതോടെ സെല്‍റ്റവിഗോ കരുത്താര്‍ജിക്കുകയായിരുന്നു.
തുടക്കത്തില്‍ മാഞ്ചസ്റ്ററിന്റെ ആക്രമണത്തെ പ്രത്യാക്രമണത്തിലൂടെ സമര്‍ഥമായാണ് സെല്‍റ്റ നേരിട്ടത്. അതുകൊണ്ടു തന്നെ സ്വന്തം ഗ്രൗണ്ടില്‍ മുന്‍തൂക്കം സെല്റ്റവിഗോയ്ക്കായിരുന്നുവെങ്കിലും ലക്ഷ്യം കാണുന്നതില്‍ സെല്റ്റയ്ക്കു പിഴയ്ക്കുകയായിരുന്നു. മാഞ്ചസ്റ്ററിന്റെ മധ്യനിരതാരം പോള്പോഗ്ബയായിരുന്നു ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
പന്തു കിട്ടിയപ്പോഴെല്ലാം മുന്നിലേക്കു കയറി അപകടരമായ മുന്നേറ്റങ്ങള്‍ നടത്തിയ പോഗ്ബയുടെ ഷോട്ടുകള്‍ പലതും അകന്നു പോയെങ്കിലും മുന്‍നിരയ്ക്കു യഥേഷ്ടം അദ്ദേഹം പന്തുകള്‍ നല്കികൊണ്ടിരുന്നു.
സെല്‍റ്റ വിഗോയ്്ക്കും ലഭിച്ചു മികച്ച അവസരങ്ങള്‍. അവരുടെ മധ്യനിരയില്‍ കളിക്കുന്ന ഡെന്മാര്ക്ക് താരം പിയോനി സിസ്റ്റോയുടെ അപകടരമായ ഷോട്ട് പോസ്റ്റിനു മീതെകൂടി താഴെക്കിറങ്ങുമെന്നു തോന്നിപ്പിച്ചെങ്കിലും മാഞ്ചസ്റ്റര്‍ ഗോളി പ്രയാസകരമായി തട്ടിയകറ്റുന്നതാണ് കണ്ടത്. ആക്രമണ, പ്രത്യാക്രമണങ്ങള്‍ നിറഞ്ഞു നിന്ന മത്സരത്തില്‍ ഇരുടീമിന്റെയും മുന്‍നിരക്കാര്‍ ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്തിയെങ്കിലും ഗോളിമാര്‍ രക്ഷകരായി.
ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് സെല്‍റ്റ ഗോളി സെര്‍ജിയോ ആല്‍വരസ് രക്ഷപ്പെടുത്തിയത്. അര്‍ജന്റീനയുടെ സെര്‍ജിയോ ജെര്മെയ്ന് റൊമേറെയാണ് മാഞ്ചസ്റ്ററിന്റെ ഗോള്‍വലയം കാത്തത്. രണ്ടാംപകുതി പിന്നിട്ടപ്പോഴാണ് ഗോള്‍ വന്നത്.
66-ാം മിനിറ്റില്‍ പന്തുമായി കുതിച്ച റാഷ്ഫോര്‍ഡിനെ സെല്‍റ്റ പ്രതിരോധക്കാരന് ഹ്യൂഗോ മാളോ മുന്നില്‍ നിന്നു തടഞ്ഞു വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് റാഷ്ഫോര്‍ഡ് തന്നെയാണ് എടുത്തത്. അതുവരെ മികച്ച പ്രകടനം കാഴ്ചവച്ച സെല്‍റ്റ ഗോളിക്കു യാതൊരു പഴുതും അനുവദിക്കാതെ പോസ്റ്റിനു ഇരുപതുവാര അകലെ നിന്നു റാഷ്ഫോര്‍ഡിന്റെ ഒന്നാന്തരം ഫ്രീകിക്ക് പോസ്റ്റിന്റെ വലതുമൂലയില്‍ പതിച്ചു.
(1-0). ഗോള്‍ നേടിയതോടെ പ്രതിരോധം ശക്തമാക്കിയാണ് മാഞ്ചസ്റ്റര്‍ പിന്നെ കളിച്ചത്. ഇതോടെ സെല്‍റ്റയുടെ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു.കഴിഞ്ഞദിവസം നടന്ന സെമിയില്‍ ഡച്ച് ക്ലബായ അയാക്സിനു വന്‍ ജയം. ഒളിമ്പിക് ലിയോണിനെ ഒന്നിനെതിരേ നാലുഗോളിനാണ് അയാക്സ് തോല്‍പ്പിച്ചത്.