മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമായ അസുരൻ തമിഴകത്തെ കീഴടക്കിയിരിക്കുകയാണ്. ധനുഷ് നായകനായ ഈ ചിത്രം ഇപ്പോൾത്തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചു. മാത്രമല്ല ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി വെട്രിമാരൻ സംവിധാന ചെയ്ത അസുരൻ മാറിക്കഴിഞ്ഞു.
ചിത്രത്തിൽ കാഴ്ചവച്ച മികച്ച അഭിനയത്തിന്റെ പേരിൽ അഭിനന്ദന പ്രവാഹങ്ങൾക്ക് നടുവിലാണ് മഞ്ജു ഇപ്പോൾ. അസുരനു ശേഷം നിരവധി ഓഫറുകളാണ് തമിഴകത്തു നിന്ന് മഞ്ജു വാര്യർക്ക് ലഭിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയം സൂപ്പർതാരം രജനീകാന്തിന്റെ നായികയാകാനുള്ള ക്ഷണമാണ്.
രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി പരിഗണിക്കുന്നത് മഞ്ജു വാര്യരെയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രമായിരിക്കുമിതെന്നും വാർത്തകളുണ്ട്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലാണ് മഞ്ജു വാര്യരുടെ അടുത്ത ചിത്രം.