ഗ്രീൻലാൻഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഇന്നാർസ്യൂട്ട് ദ്വീപിലെ താമസക്കാർക്ക് മഞ്ഞുകാലമെന്നാൽ ഉത്സവകാലമാണ്. മഞ്ഞു പുതച്ചുകിടക്കുന്ന വെള്ളക്കെട്ടുകളിൽനിന്ന് എളപ്പത്തിൽ മീൻ പിടിച്ചും മഞ്ഞിൽ ഊളിയിടുന്ന സീലുകളെ അന്പിൽ കുരുക്കിയും അവർ മഞ്ഞുകാലം ആഘോഷമാക്കും.
രാത്രികാലങ്ങളിലാണ് ആഘോഷങ്ങൾ കൂടുതൽ തിമിർക്കുക. എല്ലാ ദ്വീപ് നിവാസികളും ഒരുമിച്ചുകൂടി തീ കാഞ്ഞ്, പകൽ തങ്ങൾക്കു സമ്മാനിച്ച മീനും മറ്റു കടൽവിഭവങ്ങളും തീയിൽ ചുട്ട് കഴിക്കും. ദ്വീപുകാരുടെ പരന്പരാഗത വാദ്യങ്ങളുടെ അകന്പടിയോടെയുള്ള പാട്ടും നൃത്തവും രാത്രിവിരുന്നുകൾക്ക് ഇന്പം കൂട്ടും.
ഇക്കാലമത്രയും ഈ ദ്വീപുകാരുടെ മഞ്ഞു കാലം ഇങ്ങനെയൊക്കെയായിരുന്നു. എന്നാൽ ഇക്കുറി, അങ്ങനെയല്ല. ആഘോഷങ്ങളില്ല, ആരവങ്ങളില്ല, എവിടെയും നിശബ്ദത. അതേ, ഇന്നാർസ്യൂട്ട് ദ്വീപ് മരണഭീതിയിലാണ്. തങ്ങളുടെ ദ്വീപിനടുത്തായ്, കടലിൽ നിലയുറപ്പിച്ചിരിക്കുന്ന ഭീമൻ മഞ്ഞുമലയാണ് ഇവിടത്തുകാരുടെ പേടിക്കു കാരണം. 11 മില്യൺ ടൺ ഭാരവും 100 മീറ്റർ ഉയരവുമുണ്ട് ഈ മഞ്ഞുമലയ്ക്ക്. അതായത് ഇംഗ്ലണ്ടിലെ ബിഗ് ബെൻ ടവറിനോളം ഉയരം.
ഈ മഞ്ഞുമല പൊട്ടിപ്പിളർന്നാൽ ഇന്നാർസ്യൂട്ട് ദ്വീപുകാർക്കു സുനാമിയാകും നേരിടേണ്ടിവരിക എന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. ഇത്ര വലിയ മഞ്ഞുമല കടലിൽതാഴ്ന്നാൽ ഇന്നാർസ്യൂട്ട് ദ്വീപ് പൂർണമായും വെള്ളത്തിലാകുമത്രേ. മഞ്ഞു മല ദ്വീപിൽ വന്നിടിക്കുമോ എന്ന ആശങ്കയുമുണ്ട്.
കഴിഞ്ഞ ദിവസം മഞ്ഞുമല അകലേക്ക് ഒഴുകിനീങ്ങിയത് ആശ്വാസത്തിനിട നൽകിയെങ്കിലും കനത്ത കാറ്റിനേത്തുടർന്ന് അതു വീണ്ടും ദ്വീപനടുത്തേക്കെത്തി. എത്രയും പെട്ടെന്ന് വേലിയേറ്റമുണ്ടാകണമേയെന്ന പ്രാർഥനയിലാണ് ദ്വീപിലെ താമസക്കാരായ 170 പേരിപ്പോൾ. വേലിയേറ്റമുണ്ടായാൽ മഞ്ഞു മല ഒഴുകിപ്പോകുമെന്ന കണക്കുകൂട്ടലാണ് അവർക്കു പ്രതീക്ഷയാകുന്നത്.