കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയാണ് സർക്കാർ. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ ജനങ്ങൾ പുറത്തിങ്ങരുതെന്നുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.
സിനിമാതാരങ്ങളും ഇതേക്കുറിച്ച് ഓർമിപ്പിച്ച് രംഗത്തെത്തിയിരുന്നു. താരങ്ങൾ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ചിത്രീകരണവും റിലീസുകളുമെല്ലാം മാറ്റിവെച്ചതിനാൽ പല താരങ്ങളും വീട്ടിൽ കഴിയുകയാണ്.
നാളുകൾക്ക് ശേഷം കുടുംബത്തിന് അരികിലേക്കെത്തിയപ്പോഴും സുരക്ഷിതരായി നിൽക്കേണ്ടതിനെക്കുറിച്ചാണ് പലരും ഓർമപ്പെടുത്തിയത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാര്യരും ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കി എത്തിയിട്ടുണ്ട്.
വിലക്ക് മറികടന്ന് ആരും പുറത്തേക്ക് ഇറങ്ങരുതെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. സ്റ്റേ ഹോം, കൊവിഡ് 19 തുടങ്ങിയ ഹാഷ് ടാഗോടെയാണ് മഞ്ജു വാര്യർ പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആളുകൾ പുറത്തിറങ്ങുന്നത് കാണുന്പോൾ സങ്കടമുണ്ട്.
നമുക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന കോടിക്കണക്കിന് ആളുകളുണ്ട്. ദയവ് ചെയ്ത് ആരും പുറത്തിറങ്ങരുതെന്നും മഞ്ജു വാര്യർ അപേക്ഷിക്കുന്നുണ്ട്.മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങാൻ പുറത്ത് പോകാം. പക്ഷെ വെറുതെ പുറത്തു പോകുന്പോൾ തകർന്നു പോകുന്നത് കോടിക്കണക്കിന് പേരുടെ അധ്വാനമാണ്.
സഹായത്തിന് സർക്കാർ മുന്നിലുണ്ടെന്ന് പറയുന്പോൾ അത് വിശ്വസിക്കണമെന്നും താരം പറയുന്നു. തോറ്റു പോയാൽ നമ്മളെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും മഞ്ജു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്.
വൈറസ് വ്യാപനം തടയുകയെന്നത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പ്രഖ്യാപിച്ച ലോക് ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മഞ്ജു വാര്യർ പറയുന്നു. ബ്രേക്ക് ദി ചെയ്ൻ ക്യാംപയിന് പിന്തുണ അറിയിച്ചും മഞ്ജു വാര്യർ എത്തിയിരുന്നു.