വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) പിളര്‍ന്നോ? മഞ്ജുവാര്യര്‍ ഡബ്ല്യൂസിസിയില്‍ നിന്നും രാജിവച്ചു? രാജിക്കത്ത് ഇ-മെയില്‍ വഴി അയച്ച ശേഷം മഞ്ജു വിദേശത്തേക്ക് പോയി

കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സിനിമയിൽ രൂപംകൊണ്ട വനിത സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) പിളർന്നുവെന്ന് റിപ്പോർട്ട്. സംഘടനയിൽ നിന്നും നടി മഞ്ജുവാര്യർ രാജിവച്ചതായാണ് വിവരം. ബുധനാഴ്ച പുലർച്ചെ രാജിക്കത്ത് ഇ മെയിൽ വഴി അയച്ച ശേഷം മഞ്ജു വിദേശത്തേക്ക് പോയി. എന്നാൽ ഇക്കാര്യം മഞ്ജുവാര്യരോ ഡബ്ല്യൂസിസിയോ സ്ഥിരീകരിച്ചിട്ടില്ല.

കുറച്ചുകാലമായി മഞ്ജു ഡബ്ല്യൂസിസിയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നുവെന്നും അഭിപ്രായ ഭിന്നകളാണ് രാജിയിലേക്ക് നയിച്ചതെന്നുമാണ് വിവരം. ഡബ്ല്യൂസിസിയുടെ കഴിഞ്ഞ യോഗങ്ങളിൽ മഞ്ജു തന്‍റെ എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് സംഘടനയുമായി നടിയുടെ ബന്ധം മോശമായതെന്നും പറയപ്പെടുന്നു. എന്നാൽ സംഘടനയിൽ പ്രശ്നങ്ങളില്ലെന്നാണ് സംവിധായിക വിധു വിൻസന്‍റ് രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സിനിമ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും തലപൊക്കിയത്.

ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഡബ്ലുസിസിയിൽ അംഗമായ നാല് നടിമാർ അമ്മയിൽ നിന്നും രാജിവച്ചിരുന്നു. ആക്രമണത്തിന് ഇരയായ നടിയും രമ്യ നന്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. അമ്മയിൽ അംഗത്വമുള്ള രണ്ടു നടിമാരോട് കൂടി ഡബ്ല്യൂസിസി രാജിക്ക് ആവശ്യപ്പെട്ടുവെന്നും ഇവർ വഴങ്ങിയില്ലെന്നുമാണ് റിപ്പോർട്ടുകൾ.

സമ്മർദ്ദതന്ത്രം എന്ന നിലയിൽ രാജിക്ക് മുൻപ് ഡബ്ല്യൂസിസി അംഗങ്ങൾ അമ്മയുടെ പുതിയ പ്രസിഡന്‍റ് മോഹൻലാലിനെ കണ്ടിരുന്നുവെന്നാണ് സൂചന. എന്നാൽ രാജി സമ്മർദ്ദത്തെ അമ്മ ഗൗരവത്തിൽ കണക്കിലെടുക്കാതെ വന്നതോടെ സമ്മർദ്ദതന്ത്രം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് നാല് നടിമാർ അമ്മയുടെ പടിയിറങ്ങിയത്.

ഡബ്ല്യൂസിസിയിൽ നിലവിലെ സാഹചര്യങ്ങളും നാല് പേരുടെ രാജിയും തങ്ങളെ ബാധിക്കുന്നില്ലെന്നാണ് അമ്മയുടെ നേതൃത്വത്തിന്‍റെ നിലപാട്. ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് അമ്മ തയാറായിട്ടുമില്ല. കൂടുതൽ നടിമാർ ഡബ്ല്യൂസിസിക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിക്ക് തയാറാകുമോ എന്നും കാത്തിരിക്കുകയാണ് താരസംഘടന.

അതേസമയം ദിലീപ് വിഷയത്തിൽ പരസ്യ നിലപാട് സ്വീകരിച്ച താരങ്ങൾക്ക് എതിരേ അമ്മ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തയാറെടുക്കുകയായിരുന്നുവെന്നും ഇതും നടിമാരുടെ രാജിക്ക് കാരണമായെന്നും റിപ്പോർട്ടുകളുണ്ട്.

Related posts