ഷിംല: കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഹിമാചല്‍ പ്രദേശിൽ കുടുങ്ങി നടി മഞ്ജു വാര്യർ അടക്കമുള്ള സിനിമാ സംഘം. കയറ്റം എന്ന സിനിമ ചിത്രീകരണത്തിന് ഹിമാലയൻ താഴ്വരയിലെ ഛത്രുവിൽ എത്തിയ സംഘമാണ് കുടുങ്ങിയത്. സംവിധായകൻ സനൽ കുമാർ ശശിധരനും മഞ്ജുവും അടക്കം മുപ്പത് പേരാണ് സംഘത്തിലുള്ളത്.
മഞ്ജുവും സംഘവും മൂന്നാഴ്ചയായി ഛത്രുവിൽ ഷൂട്ടിംഗിനായി എത്തിയിട്ട്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാനാകാത്ത സാഹചര്യമാണ്. സംഘാംഗങ്ങൾക്ക് രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണ മാത്രമേ കൈവശമുള്ളതെന്ന് മഞ്ജു സഹോദരൻ മധുവാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ വിവരം അറിയിച്ചിരുന്നു.
മഞ്ജുവിനെയും സംഘത്തെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രശ്നത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ഇടപെട്ടിരുന്നു. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറുമായി കേന്ദ്രമന്ത്രി ഫോണിൽ സംസാരിച്ചു.
മണ്ണിടിച്ചിൽ കാരണം ഹിമാചലിൽ ഗതാഗതം തടസപ്പെട്ട ഇടങ്ങളിൽ എല്ലാം തൽക്കാലിക റോഡ് നിർമിച്ചാണ് ആളുകളെ പുറത്ത് എത്തിക്കാൻ ശ്രമിക്കുന്നത്. സിസുവിൽ കുടങ്ങിപ്പോയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘം സുരക്ഷിതരായി മണാലിയിൽ എത്തിയിരുന്നു.