മങ്കട: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്നു തെളിഞ്ഞതിനെത്തുടർന്നു കുട്ടിയുടെ അമ്മയെ മങ്കട പോലീസ് അറസ്റ്റു ചെയ്തു. പ്രതിയായ ഓട്ടോ ഡ്രൈവറെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അമ്മയെ ഇന്നലെ തവനൂർ മഹിളാമന്ദിരത്തിൽ വച്ചാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്.
തുടർന്ന് മഞ്ചേരിയിലുള്ള സ്പെഷൽ പോക്സോ കോടതിയിൽ ഹാജരാക്കി. കുട്ടിയുടെ മാതാവുമായി ഓട്ടോ ഡ്രൈവർക്കു അവിഹിതബന്ധമുണ്ട്. ഇതേത്തുടർന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഏതാനും നാളുകളായി ഇതു തുടർന്നുവരികയായിരുന്നു.
ഇതിനിടെ ചൈൽഡ് ലൈൻ മുഖേനയാണ് മങ്കട പോലീസിനു വിവരം ലഭിക്കുന്നത്. മങ്കട എസ്ഐ കെ. സതീഷ്, വനിത സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതി, ബിന്ദു, സിവിൽ പോലീസ് ഓഫീസർ ഷംസുദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.