പന്ത്രണ്ടാം എഡിഷൻ ഐപിഎലിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് മങ്കാദിംഗ്. രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലറെ പുറത്താക്കാൻ കിംഗ്സ് ഇലവൻ പഞ്ചാബ് നായകൻ ആർ. അശ്വിൻ മങ്കാദിംഗ് റണ്ണൗട്ട് ഉപയോഗിച്ചത് വിവാദമായിരുന്നു.
അതിനുശേഷം പഞ്ചാബിനെതിരേ കളിക്കുന്പോൾ എതിർ ടീമിന്റെ ബാറ്റ്സ്മാന്മാർ ഒരു കരുതൽ എടുക്കാറുണ്ട്. കഴിഞ്ഞ ദിവസം പഞ്ചാബിനെതിരായ മത്സരത്തിൽ കളിക്കുന്പോൾ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ ഡേവിഡ് വാർണർ മങ്കാദിംഗ് റണ്ണൗട്ട് ആകാതിരിക്കാൻ നടത്തിയ പ്രത്യേക ശ്രദ്ധ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.
ആർ. അശ്വിൻ പന്ത് എറിയാനെത്തുന്പോൾ ക്രീസിലേക്ക് ബാറ്റെത്തിച്ച് നിൽക്കുന്ന വാർണറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.
മത്സരത്തിൽ വാർണർ 62 പന്തിൽ 70 റണ്‍സ് എടുത്ത് പുറത്താകാതെനിന്നിരുന്നു. ഐപിഎൽ ചരിത്രത്തിൽ അറുപതോ അതിലധികമോ പന്ത് നേരിട്ട് ഏറ്റവും ചെറിയ സ്കോർ നേടുന്നതിൽ മൂന്നാം സ്ഥാനത്ത് എന്ന നാണക്കേടിന്റെ റിക്കാർഡും ഇതോടെ ഓസീസ് താരത്തെ തേടിയെത്തി. വാർണറിന്റെ ഇന്നിംഗ്സ് കരുത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റണ്‍സ് എടുത്തു.
53 പന്തിൽ 71 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന കെ.എൽ. രാഹുലിന്റെയും 43 പന്തിൽ 55 റണ്‍സ് നേടിയ മായങ്ക് അഗർവാളിന്റെയും ഇന്നിംഗ്സുകളിലൂടെ കിംഗ്സ് ഇലവൻ പഞ്ചാബ് 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 151 റണ്‍സ് എടുത്ത് ജയം സ്വന്തമാക്കി. കെ.എൽ. രാഹുൽ ആയിരുന്നു മാൻ ഓഫ് ദ മാച്ച്. പഞ്ചാബിന്റെ നാലാം ജയമാണ്. സണ്‍റൈസേഴ്സിന്റെ മൂന്നാം തോൽവിയും.