സ്വന്തം ലേഖകന്‍
കോഴിക്കോട്: വിഷുക്കാലം ഒരുപാട്പേരുടെ ജീവനോപാധികൂടിയാണ്. അതില്‍ ഏറ്റവും വലുതാണ് മണ്‍പാത്രങ്ങളുടെ വില്പന. പുട്ടുകുടത്തിന് പുറമെ അടപ്പച്ചട്ടി, കല്‍ച്ചട്ടി, വറകലം, അടുപ്പ്, മീന്‍ചട്ടി, മണ് ചിരാത്, ഫിറ്റര്‍ വെള്ളം, കൂജ തുടങ്ങി വീട്ടാവശ്യത്തിനുള്ള എല്ലാവിധ മണ് പാത്രങ്ങളും വാങ്ങാന്‍ എറ്റവും നല്ലകാലം വിഷുക്കാലമാണെന്ന് കരുതുന്നവരാണ് മലാളികള്‍ പ്രത്യേകിച്ചും പഴമക്കാര്‍ .
ജില്ലയില്‍ പലയിടത്തും മണ്‍പാത്രങ്ങളുടെ വില്‍പ്പന കൂടിവരികയാണ്. വിഷുക്കാലത്ത് മലബാറില്‍ ‘പുത്തന്‍ കലം മയക്കുക’ എന്നൊരു ആചാരം തന്നെയുണ്ട്. തഞ്ചാവൂര്‍, ഷോര്ണ്ണൂര്, പാലക്കാട്, കീഴ്മാട്, സേലം എന്നിവിടങ്ങളില്‍ നിന്നാണ് മണ്‍പാത്രങ്ങള്‍ എത്തിച്ചുനല്‍കുന്നത്. ബംഗളൂരു വിലേയും തഞ്ചാവൂരിലേയും സേലത്തേയും പ്രത്യേകതരം മണ്ണുകൊണ്ടാണ് പാത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.
300 രൂപമുതല്‍ മണ്‍പാത്രങ്ങള്‍ വില്ക്കുന്നുവെന്ന് വെസ്റ്റ്ഹില്‍ ചുങ്കത്തെ കച്ചവടക്കാര്‍ പറയുന്നു. വിഷുക്കാലമായതിനാല്‍ ഒരുമാസം മുന്‍പേ ഇവിടെ എത്തി. ഇനിവിഷുക്കാലം കഴിഞ്ഞതിനുശേഷം മാത്രമേ ഇവര്‍ തിരിച്ചുപോകൂ.പാലക്കാടുനിന്നും എത്തുന്നവരാണ് കോഴിക്കോട് ജില്ലയില്‍ മണ്പാത്രവില്പനയ്ക്കായി എത്തുന്നവരില്‍ ഏറെയും.
പഴമക്കാരുടെ കാലം മുതല്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചുവന്നിരുന്നുവെങ്കിലും സാങ്കേതികവിദ്യകളും മെഷിനറികളും വന്നതോടെ മണ്‍പാത്രങ്ങള്‍ക്കു പകരമായി സ്റ്റീല്‍-അലുമനിയ പാത്രങ്ങള്‍ രംഗത്തെത്തി. ഇതോടെ പുതിയ തലമുറ മണ്‍പാത്രങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറായി. എന്നാല്‍ സ്റ്റീല്‍ -അലുമിനിയ പാത്രനിര്‍മ്മാണത്തിലെ അസംസ്കൃത വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനീകരമാകുന്നവയാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വീണ്ടും മണ്പാത്രങ്ങളിലേക്ക് പുതിയ തലമുറയും തിരിച്ചുവരുന്നുണ്ടെന്ന് കച്ചവടക്കാര്പറയുന്നു.
വില അല്‍പ്പം കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ധാരാളമാണ്.
സേലത്തുനിന്നും, തഞ്ചാവൂരില്‍ നിന്നും, ബംഗളൂരുവിൽനിന്നും ലഭിക്കുന്ന പ്രത്യേകതരം മണ്ണുകള്‍ കൊണ്ടാണ് കലങ്ങളും ചട്ടികളുംമണ്പൂട്ടുകുടവും നിര്‍മിക്കുന്നത്. കലവും ചട്ടിയും, മണ്‍പൂട്ടുകുടവും, കൂജയുമെല്ലാം രൂപപ്പെടുത്തിയെടുക്കുന്നതിന് ദിവസങ്ങള്‍തന്നെ വേണ്ടിവരും. ആ കഷ്ടപ്പാടുകളെല്ലാം വിഷുകാലത്തെ വില്‍പ്പനയിലുടെ മറികടക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.