കൊല്ലം: എംസി റോഡിൽ കൊല്ലം വെട്ടിക്കവല ഭാഗത്ത് ആനവിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. വെട്ടിക്കവലയിലെ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച നെടുമങ്ങാട് മണികണ്ഠൻ എന്ന ആന യാണ് വിരണ്ടത്. രണ്ടു മണിക്കൂറിന് ശേഷം തളച്ചു.
എലിഫൻഡ് സ്ക്വാഡ് എത്തി ആനയെ മയക്കുവെടി വച്ച് വീഴ്ത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വെടിവയ്ക്കേണ്ട സാഹചര്യമുണ്ടായില്ല.
എംസി റോഡിൽ നിന്നും ഇടറോഡിലേക്ക് കയറിയ ആന പരിസരത്തെ റബർ തോട്ടത്തിൽ കയറിയതോടെ പാപ്പാന്മാരും എലിഫൻഡ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേർന്ന് കൂച്ചുവിലങ്ങ് ഉപയോഗിച്ച് തളയ്ക്കുകയായിരുന്നു.
ആന ഇടഞ്ഞ് ആറ് കിലോമീറ്ററോളം ഓടിയെങ്കിലും നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയില്ല.ക്ഷേത്രത്തിന് സമീപത്തെ പറമ്പിലെ തെങ്ങിൽ തളച്ചിരുന്ന ആനയാണ് വിരണ്ടത്.
പൂച്ച കുറുകെ ചാടിയപ്പോൾ വിരണ്ടുപോയ ആന ചങ്ങല പൊട്ടിച്ച് ഓടുകയായിരുന്നുവെന്നാണ് പാപ്പാൻ പറയുന്നത്.എഴുകോണ്‍, കക്കാട് ഭാഗത്ത് എംസി റോഡ് വഴിയാണ് ആന ഓടിയത്. ആന വരുന്നതുകണ്ട് പലരും പരിഭ്രാന്തിയിലായി.
സംഭവത്തെത്തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ആന ഇടറോഡിലേക്ക് മാറിയതോടെയാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാൻ കഴിഞ്ഞത്.