ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഈ വർഷം 4,000 മുസ്ലിം സ്ത്രീകൾ സ്വതന്ത്രമായി ഹജ്ജ് കർമങ്ങൾ നിർവഹിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഹജ്ജ് തീർഥാടനത്തിൽ നിന്ന് അടുത്തിടെ തിരിച്ചെത്തിയ മുസ്ലിം സ്ത്രീകളിൽ നിന്നു ധാരാളം കത്തുകൾ ലഭിച്ചതായും പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഹജ്ജ് തീർഥാടനത്തിൽ സ്ത്രീകളോടൊപ്പം ഒരു പുരുഷ പങ്കാളി (മെഹ്റം) വേണമെന്നുള്ള നിബന്ധന 2018ലാണ് മോദി സർക്കാർ ഒഴിവാക്കിയതെന്നും ഇത് ഹജ്ജ് തീർഥാടനരംഗത്ത് വലിയ പരിവർത്തനങ്ങൾക്കു കാരണമായതായും നരേന്ദ്ര മോദി പറഞ്ഞു.
മെഹ്റം ഇല്ലാതെ ഹജ്ജിനു പോകുന്നവർക്കായി പ്രത്യേകം വനിതാ കോ-ഓർഡിനേറ്റർമാരെ നിയോഗിച്ചിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ ആളുകൾക്കു ഹജ്ജിനു പോകാൻ അവസരം ലഭിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
മുത്തലാഖ് നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതുൾപ്പെടെ സ്ത്രീകളുടെ ശാക്തീകരണത്തിനായി മോദി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന ബിജെപിയുടെ പ്രസ്താവനയ്ക്കിടെയാണു മോദിയുടെ പരാമർശം.