മങ്കൊന്പ്: മങ്കൊന്പ് സിവിൽസ്റ്റേഷൻ പാലം ഇക്കൊല്ലം പൂർത്തിയാകുമെന്ന് പൊതുമരാമത്തു വകുപ്പിന്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ നാട്ടുകാർ. 2014 ൽ പണികൾ ആരംഭിച്ച പാലത്തിന്റെ പണികൾ ഡിസംബറോടെ പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏതാണ്ട് ഒരു വർഷം മുന്പ് പൂർത്തിയാകേണ്ടിയിരുന്ന പണികൾ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസത്തെ തുടർന്നാണ് വൈകിയത്.
ആറിന്റെ വടക്കേക്കരയിൽ ഉണ്ടായിരുന്ന രണ്ടു താമസക്കാരെ പുനരധിവസിപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് പണികൾ വൈകുന്നതിനിടയാക്കിയത്. ഇവിടെ അഞ്ചു ഭൂവുടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിൽ രണ്ടുതാമസക്കാരും ഉൾപ്പെടും. 2017 ഒക്ടോബറിൽ ഭൂമിയുടെ വില നൽകിയിരുന്നു. താമസക്കാർക്ക് സമീപത്തായി തന്നെ പാടശേഖരം നികത്തി മൂന്നു സെന്റ് സ്ഥലം വീതവും നൽകിയിരുന്നു. എ്ന്നാൽ ഭൂമിയുടെ രേഖകൾ കൈമാറാതിരുന്നതുമൂലം താമസക്കാരുടെ പുനരധിവാസം നീളുകയായിരുന്നു.
സ്വകാര്യ വ്യക്തിയിൽ നിന്നും പൊതുമരാമത്ത് വകുപ്പ് സ്ഥലം വാങ്ങി ഇവർക്കു നൽകുകയായിരുന്നു. ഇങ്ങനെ വാങ്ങിയ ഭൂമി സ്വകാര്യവ്യക്തികളുടെ പേരിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടായ ആശയക്കുഴപ്പമാണ് നടപടികൾ വൈകിപ്പിച്ചത്. തുടർന്ന വിഷയത്തിൽ ജില്ലാഭരണകൂടം ഇടപെടുകയും പുനരധിവസിപ്പിക്കേണ്ടവർക്കു ഭൂമിയുടെ പട്ടയം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയായിരുന്നു. ഇന്നു ഇരുകൂട്ടർക്കുമായി വാങ്ങി നികത്തിയ ഭൂമിയുടെ പട്ടയകൈമാറ്റം നടന്നേക്കും.
തടസങ്ങൾ നീങ്ങിയതോടെ അപ്രോച്ച് റോഡിന്റെ പണികൾ ഉടനെ ആരംഭിക്കും.വടക്കേക്കരയിൽ 80 മീറ്ററും, തെക്കേക്കരയിൽ തൊണ്ണൂറു മീറ്ററുമാണ് അപ്രോച്ചിനു നീളം നിശ്ചയിച്ചിരിക്കുന്നത്. 2009 ലാണ് പാലത്തിന്റെ മണ്ണുപരിശോധകൾ നടന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ച പാലത്തിന്റ പണികൾ 2014 ഫെബ്രുവരിയിലാണു ആരംഭിച്ചത്. 28 കോടി രൂപയുടെ എസ്റ്റിമേറ്റിൻ ആരംഭിച്ച പാലത്തിന്റെ നിർമാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.