സ്വന്തം ലേഖകൻ
ഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ അഴുകിയ ജഡം കണ്ണവത്തുനിന്നു കാണാതായ യുവതിയുടേതെന്ന സംശയം നീങ്ങി.
യുവതിയെ ഇന്നലെ പേരാവൂർ സ്റ്റേഷൻ പരിധിയിലെ പെരുമ്പുന്ന മുരിങ്ങോടിയിലെ പാറങ്ങോട്ട് കോളനിയിൽ നിന്നു കണ്ടെത്തിയിരുന്നു.
മാക്കൂട്ടം ചുരം അന്വേഷണവുമായി ബന്ധപ്പെട്ട് ഡിഎൻഎ പരിശോധനയടക്കം കർണാടക പോലീസ് തയാറാക്കുന്നതിന് ഇടയിലാണ് നാടകീയമായി യുവതിയെ കണ്ടെത്തുന്നത്. കണ്ണവം തൊടീക്കളം കോളനിയിലെ ബാബുവിന്റെ ഭാര്യ രമ്യ (31) യെ കാണാനില്ലെന്ന് കാണിച്ച് കണ്ണവം പോലീ സ്റ്റേഷനിൽ ബാബു പരാതി നൽകിയിരുന്നു.
കണ്ണവം പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മാക്കൂട്ടം ചുരം പാതയിലെ വനത്തിൽ നിന്നും രണ്ടാഴ്ചയോളം പഴക്കമുള്ള അഴുകിയ നിലയിലുള്ള ജഡം കണ്ടെത്തുന്നത്.
പോസ്റ്റുമോർട്ടത്തിൽ സൂചന നൽകിയ വയസും കാണാതായ രമ്യയുടെ വയസും ചുരിദാറും എല്ലാം മൃതദേഹം രമ്യയുടേതെന്ന നിലയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.
മൊബൈൽ ടവറും സിസി ടിവി ദൃശ്യങ്ങളും
സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹത്തിന്റെ പഴക്കം കണക്കാക്കി സമീപത്തെ മൊബൈൽ ടവറുകളുടെ പരിധിയിൽ വന്ന നമ്പറുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിൽ ഇന്നോവ കാറിനെക്കുറിച്ചുള്ള സൂചനകളാണ് വെളിയിൽ വരുന്നത്.
ഈ കാലയളവിൽ ഇതുവഴി കടന്നു പോയ ഒരു ഇന്നോവ വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നോവ കാറിന്റെ നമ്പർ വ്യാജം ആയിരുന്നുവെന്നും ഇരിട്ടി ഭാഗത്തുള്ള ഇരുചക്ര വാഹനത്തിന്റെ നമ്പർ ആയിരുന്നു എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
ഇതോടെ ഇന്നോവ കാറിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. ട്രോളി ബാഗിലെ മൃതദേഹത്തിൽ നിന്നും ലഭിച്ച ചുരിദാർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇരിക്കൂർ, തളിപ്പറമ്പ് ഭാഗങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.