കുമരകം: മങ്കുഴി പ്രദേശത്തെ ജനങ്ങളുടെ ദുരിത ജീവിതം അവസാനിക്കുന്നില്ല. മാസങ്ങളായുള്ള വെള്ളപ്പൊക്ക കെടുതികൾക്കു വർഷ കൃഷിക്ക് വെള്ളം വറ്റിച്ചതോടെ പരിഹാരമായെങ്കിലും സഞ്ചാരയോഗ്യമായ റോഡ് എന്ന ആവശ്യം ഇനിയും ഏറെ അകലെയാണ്.
നാനൂറ് ഏക്കർ വിസ്തൃതിയുള്ള ഈ പ്രദേശത്തേക്ക് വാഹന ഗതാഗത യോഗ്യമായ ഒരു പാലം ഉണ്ടെങ്കിലും ഏതാനും വീട്ടുകാർക്കു മാത്രമാണ് ഇതിന്റെ പ്രയോജനം.
പുറംബണ്ടിന്റെ നാല് ചുറ്റും റോഡ് ഇല്ലാത്തതിനാൽ താത്ക്കാലിക നടപ്പാലങ്ങളാണ് ഏറെ ജനങ്ങളുടെയും ആശ്രയം. ഇരുന്പു തൂണും തകിടും കൊണ്ടു നിർമിച്ച പാലങ്ങൾ പലതും ഇപ്പോൾ അപകടസ്ഥിതിയിലാണ്.
പലയിടങ്ങളിലും പാലത്തിന്റെ ഇരുന്പ് തകിട് തുരുന്പെടുത്ത് തകർന്ന സ്ഥിതിയിലാണ്. തോണിക്കടവ്, ചൂളഭാഗം പാലത്തിന്റെ ഇരുന്പ് തകിടുകൾ ഏതുനിമിഷവും തകർന്ന് അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ്.
ചിറത്തറ ഭാഗത്ത് ഉൾപ്പടെ മരത്തടികൾ കൊണ്ട് നാട്ടുകാർ പാലം നിർമിച്ചാണു മറുകര എത്തുന്നത്. ഇവയിൽ പലതും അപകട സ്ഥിതിയിലുമാണ്.