ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനുമെതിരേ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ഗൂഢാലോചന സിദ്ധാന്തങ്ങളിലാണ് മോദി സർക്കാർ വിശ്വാസമർപ്പിക്കുന്നതെന്നും ഒരു പ്രധാനമന്ത്രിയും ഇത്രത്തോളം തരംതാഴ്ന്ന ഭാഷയിൽ സംസാരിച്ചിട്ടില്ലെന്നും മൻമോഹൻ ആരോപിച്ചു.
മണ്ടൻ തീരുമാനങ്ങളിലൂടെ ഇന്ത്യയുടെ സന്പദ് വ്യവസ്ഥയെ മോദി സർക്കാർ നശിപ്പിച്ചെന്നും കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മൻമോഹൻ കുറ്റപ്പെടുത്തി.
നോട്ട് നിരോധനവും തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയതും മോദി സർക്കാരിന് ഒഴിവാക്കാനാവുന്ന മണ്ടത്തരങ്ങളായിരുന്നു. ഇതുമൂലം സാന്പത്തിക രംഗത്തുണ്ടായ തകർച്ച രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ തകർക്കുകയും പതിനായിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമാക്കുകയും ചെയ്തു.
ഏറെ വർഷങ്ങളെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാന്പത്തിക ശക്തിയായി മാറ്റിയെടുത്തത്. എന്നാൽ അതിപ്പോൾ ഘട്ടംഘട്ടമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്- മൻമോഹൻ പറഞ്ഞു.
2013 സെപ്റ്റംബറിൽ വിവിധ ബാങ്കുകളെ കബളിപ്പിച്ച് തട്ടിയെടുത്ത പണത്തിന്റെ കണക്ക് 28,416 കോടി രൂപയായിരുന്നു. എന്നാൽ 2017 സെപ്റ്റംബറായപ്പോൾ അത് 1.11 ലക്ഷം കോടി കടന്നു. എന്നാൽ ഇതിനു കാരണക്കാരായവരാകട്ടെ യാതൊരു കുഴപ്പവും പറ്റാതെ രക്ഷപ്പെട്ടു നടക്കുന്നു.
മോദിയുടെ രീതി ബാങ്കിംഗ് മേഖലയെക്കുറിച്ചു ജനങ്ങൾക്കുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഉയർന്ന നികുതി ചുമത്തി സർക്കാർ ജനങ്ങളെ ശിക്ഷിക്കുകയാണ്. മുൻ സർക്കാരിന്റെ കാലത്തേതിനെ അപേക്ഷിച്ച് എൻഡിഎ അധികാരത്തിൽ വന്നതിനു ശേഷം ജിഡിപി പകുതിയായി കുറഞ്ഞു- മൻമോഹൻ പറഞ്ഞു.
ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിയും ഇത്രത്തോളം തരംതാഴ്ന്ന ഭാഷയിൽ സംസാരിച്ചിട്ടില്ല. തന്നെ എതിർക്കുന്നവരെ പ്രതിരോധിക്കാൻ മോദി പ്രധാനമന്ത്രി ഓഫീസ് ദുരുപയോഗം ചെയ്യുകയാണെന്നും മൻമോഹൻ സിംഗ് ആരോപിച്ചു.