എനിക്ക് തന്ന ആ ഉപദേശം മോദി ഓര്‍ക്കണം! വല്ലപ്പോഴുമെങ്കിലും വാതുറക്കാന്‍ മനസാവണം; മൗനിബാബയെന്ന് വിളിച്ച മോദിയ്ക്ക് തക്കസമയത്ത് തിരിച്ചടി നല്‍കി മന്‍മോഹന്‍സിംഗ്

നരേന്ദ്രമോദിയ്ക്ക് മുമ്പ് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമായും കേട്ട കുറ്റപ്പെടുത്തലുകളില്‍ ഒന്നായിരുന്നു, അദ്ദേഹം കാര്യങ്ങള്‍ വ്യക്തമായി സംസാരിക്കാറില്ലെന്നത്. അദ്ദേഹത്തെ മൗനിബാബയെന്നായിരുന്നു പ്രതിപക്ഷം വിളിച്ചുകൊണ്ടുമിരുന്നത്. ഇക്കാര്യത്തില്‍ മന്‍മോഹന്‍സിംഗിനെ ഏറ്റവും കൂടുതല്‍ കളിയാക്കിയിട്ടുള്ള വ്യക്തിയാണ് മോദി. എന്നാല്‍ തക്കസമയത്ത് തന്നെ കളിയാക്കിയവര്‍ക്ക്, പ്രത്യേകിച്ച്, മോദിയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകാണ് ഡോ. മന്‍മോഹന്‍ സിംഗ്.

കഠുവ, ഉന്നാവ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാന്‍ വൈകിയതിനെ വിമര്‍ശിച്ചാണ് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് ഞാനെന്നും പ്രധാനമന്ത്രി വാതുറക്കണമെന്നും എന്നെക്കുറിച്ച് മോദി അന്ന് പറഞ്ഞതായി മാധ്യമങ്ങളില്‍ കണ്ടിരുന്നു. എന്നാല്‍ ആ ഉപദേശം മോദി ഓര്‍ക്കണമെന്നാണ് ഇപ്പോള്‍ പറയാനുള്ളത്. പ്രധാനമന്ത്രി വല്ലപ്പോഴുമെങ്കിലും സംസാരിക്കണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്‍മോഹന്‍സിംഗ് പറഞ്ഞു.

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മോദി കഠുവ, ഉന്നാവ വിഷയങ്ങളെ അപലപിച്ചതില്‍ സന്തോഷമുണ്ടെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ വൈകിയാല്‍ കുറ്റവാളികള്‍ അത് മുതലെടുക്കും. എന്തു ചെയ്താലും ഒരു പ്രശ്നവുമില്ലെന്ന് കരുതും. അധികാരത്തിലുള്ളവര്‍ കൃത്യസമയത്ത് പ്രതികരിച്ച് അനുയായികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related posts