ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി തുടര്‍ച്ചയായി തിരിച്ചടി നേരിടുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രവാഹം മങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പുകഴ്ത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മന്‍മോഹന്‍ സിംഗിനെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ മിസ് ചെയ്യുന്നു എന്നായിരുന്നു കേജരിവാളിന്റെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് കേജരിവാള്‍ പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി തീര്‍ച്ചയായും വിദ്യാഭ്യാസമുള്ളവനായിരിക്കണം. മന്‍മോഹന്‍ സിംഗിനെപ്പോലെ വിദ്യാഭ്യാസവും വിവരവുമുള്ള ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ക്കു പിന്നീട് ലഭിച്ചില്ല. രാജ്യം അടിക്കടി പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രി വിവരമുള്ളവനായിരിക്കണമെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. കേജരിവാള്‍ ട്വീറ്റ് ചെയ്തു. രൂപയുടെ മൂല്യം ഇടിയുന്നതു സംബന്ധിച്ച വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചായിരുന്നു കേജരിവാളിന്റെ ട്വീറ്റ്.
മോദി സര്‍ക്കാര്‍ രാജ്യതലസ്ഥാനത്തെ പ്രശ്‌നങ്ങളെ അവഗണിക്കുകയും എഎപി നേതാക്കള്‍ക്കു നേരെ സിബിഐയെ ഉപയോഗിച്ചു റെയ്ഡുകള്‍ നടത്തി വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും കേജരിവാള്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസം സംബന്ധിച്ചു തുടര്‍ച്ചയായി സംശയങ്ങള്‍ ഉന്നയിക്കുന്നവരാണ് കേജരിവാളും ആദം ആദ്മി പാര്‍ട്ടിയും. കേജരിവാളിന്റെ ട്വീറ്റിനെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് കേജരിവാളിന്റെ പ്രസ്താവനയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും.