മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിതം ആധാരമാക്കി ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന ബോളിവുഡ് ചിത്രം അണിയറയിലൊരുങ്ങുകയാണ്. അനുപം ഖേർ ആണ് ചിത്രത്തിൽ മൻമോഹൻസിംഗിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിത മൻമോഹൻസിംഗിനെ വിലയിരുത്തിയതിൽ എനിക്ക് തെറ്റുപറ്റിയെന്നും പക്ഷെ ചരിത്രം ആ തെറ്റ് ആവർത്തിക്കില്ലെന്നും വ്യക്തമാക്കുകയാണ് അനുപം ഖേർ.
“ഞാൻ ഒത്തിരി ആസ്വദിച്ച് പ്രവർത്തിച്ച ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വളരെ നല്ല ദിവസങ്ങൾ എനിക്ക് സമ്മാനിച്ച അണിയറപ്രവർത്തകർക്ക് നന്ദി. ഡോ. മൻമോഹൻസിംഗ് ജി നിങ്ങളുടെ ജീവിതയാത്രയ്ക്ക് നന്ദി. ജീവിതത്തിലെ മഹത്തായൊരു പഠനാനുഭവം തന്നെയായിരുന്നു ഈ ചിത്രം. ഒരു കാര്യം ഉറപ്പ്, ചരിത്രം ഇനി നിങ്ങളെ തെറ്റിദ്ധരിക്കില്ല’. അനുപം ഖേർ കുറിച്ചു.
മായങ്ക് തിവാരിയുടെ തിരക്കഥയിൽ വിജയ് രത്നാകർ ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജയ് ബാരു രചിച്ച ദ് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന മൻമോഹൻ സിംഗിന്റെ ജീവ ചരിത്രത്തെ ആസ്പദമാക്കിയാണ് ഈ സിനിമയൊരുങ്ങുന്നത്. സൂസൻ ബെർനെറ്റാണ് ചിത്രത്തിൽ സോണിയ ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.