ന്യൂഡൽഹി: പത്തുവർഷം തുടർച്ചയായി ഇന്ത്യയെ നയിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് (92) രാജ്യത്തിന്റെ പ്രണാമം. തന്റെ വൈഭവംകൊണ്ട് ഭാരതത്തെ സാന്പത്തികശക്തിയാക്കി മാറ്റിയ കരുത്തനായ ഭരണകർത്താവിന് ആദരാഞ്ജലികളർപ്പിക്കുകയാണു രാജ്യം. ഡൽഹി എയിംസ് ആശുപത്രിയിൽ ഇന്നലെ രാത്രി 9.51ന് ആയിരുന്നു അന്ത്യം. എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിനുശേഷം ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്കാരം. ഭാര്യ: ഗുരുചരൺ. മക്കൾ: ഉപീന്ദർ സിംഗ്, ദ മൻസിംഗ്, അമൃത് സിംഗ്.
കേന്ദ്രസർക്കാർ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേകയോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. കർണാടകയിലെ ബെലഗാവിയിൽ ഇന്നു നടത്താനിരുന്ന റാലി ഉൾപ്പെടെ കോൺഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചു.
ഏറെനാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഇന്നലെ രാത്രി എട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9.15ന് മരണം സ്ഥിരീകരിച്ചു. മൻമോഹനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ആശുപത്രിയിലെത്തിയിരുന്നു.
ജവാഹർലാൽ നെഹ്റുവിനുശേഷം ഭരണത്തിൽ അഞ്ചുവർഷം പൂർത്തിയാക്കി തുടർഭരണം നേടിയ ആദ്യ പ്രധാനമന്ത്രിയാണ് മൻമോഹൻസിംഗ്. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് രാജ്യത്തിന്റെ സാന്പത്തിക പരിഷ്കർത്താവുമാണ്. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഗ്രാമീണ ആരോഗ്യമിഷൻ എന്നിവ മൻമോഹൻ സിംഗിന്റെ ഭരണനേട്ടങ്ങളാണ്.
1991ൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന മൻമോഹൻ സിംഗാണ് സാന്പത്തികരംഗത്ത് ഉദാരവത്കരണം നടപ്പാക്കിയത്. റിസർവ് ബാങ്ക് ഗവർണറായും അന്താരാഷ്ട്ര നാണയനിധിയുടെ ഇന്ത്യയിലെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പ്രണബ് മുഖർജി കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്താണ് മൻമോഹൻ സിംഗ് ആർബിഐ ഗവർണറായി സേവനമനുഷ്ഠിച്ചത്.
യുജിസി ചെയർമാൻ, പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. നെഹ്റു, ഇന്ദിരാഗാന്ധി, നരേന്ദ്ര മോദി എന്നിവർക്കൊപ്പം, പത്തു വർഷം പ്രധാനമന്ത്രിപദത്തിലിരുന്ന റിക്കാർഡ് മൻമോഹൻ സിംഗിനുണ്ട്.1932 സെപ്റ്റംബർ 26ന് അവിഭക്ത ഇന്ത്യയിൽ പാക് പഞ്ചാബ് പ്രവിശ്യയിലാണു മൻമോഹൻ സിംഗ് ജനിച്ചത്.
വിഭജനത്തെത്തുടർന്ന് കുടുംബം ഇന്ത്യയിലെത്തി. കേംബ്രിജ്, ഓക്സ്ഫഡ് സർവകലാശാലകളിലായിരുന്നു ഉന്നത വിദ്യാഭ്യാസം. പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ഏക സിക്കുകാരനാണ് ഇദ്ദേഹം. ലോക്സഭയിലേക്ക് ഒരിക്കലും തെരഞ്ഞെടുക്കപ്പെടാത്ത മൻമോഹൻ സിംഗ് 1991 മുതൽ 2019 വരെ ആസാമിൽനിന്നും 2019ൽ രാജസ്ഥാനിൽനിന്നും രാജ്യസഭയിലെത്തി. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന 1998-2004 കാലത്ത് രാജ്യസഭാ പ്രതിപക്ഷനേതാവായിരുന്നു.
1999ൽ മൻമോഹൻ ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ സർക്കാരിനെ നയിച്ച മൻമോഹൻ സിംഗ്, 2009ൽ കൂടുതൽ സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തി. 1987ൽ രാജ്യം പദ്മഭൂഷൺ നല്കി ആദരിച്ചു. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, സോണിയഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രമുഖനേതാക്കൾ അനുശോചിച്ചു.