ന്യൂഡൽഹി: രാഷ്ട്രത്തിനായുള്ള ഡോ. മൻമോഹൻ സിംഗിന്റെ സേവനവും കളങ്കമില്ലാത്ത രാഷ്ട്രീയജീവിതവും എന്നും ഓർമിക്കപ്പെടുമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ശ്രമിച്ച നേതാവാണു ഡോ. മൻമോഹൻ സിംഗെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു.
വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമായിരുന്നെന്നു മോദി പറഞ്ഞു.
1991ലെ ബജറ്റ് നാഴികക്കല്ലായി: നിര്മല സീതാരാമൻ
ന്യൂഡൽഹി: മൻമോഹൻ സിംഗ് 1991ൽ അവതരിപ്പിച്ച രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സ്വതന്ത്രമാക്കിയ ബജറ്റ് ഒരു നാഴികക്കല്ലാണെന്നു കേന്ദ്ര ധനമന്ത്രി നിര്മല സീതാരാമൻ. എല്ലാവരാലും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആണ് മൻമോഹനെന്നും നിർമല സീതാരാമൻ അനുശോചന കുറിപ്പില് പറഞ്ഞു.