ന്യൂഡൽഹി: മൻമോഹൻ സിംഗ് ലോകത്തിലെ മികച്ച പ്രധാനമന്ത്രിയിരുന്നെന്ന് മുൻ ഗുജറാത്ത് കോൺഗ്രസ് നേതാവ് ശങ്കർസിംഗ് വഗേല. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വഗേലയുടെ പ്രതികരണം.
രാജ്യത്തെ സാന്പത്തിക മാന്ദ്യത്തിൽ നിന്ന് 10 വർഷം രക്ഷിച്ചത് മൻമോഹൻ സിംഗിന്റെ പ്രവർത്തനങ്ങളാണ്. നരേന്ദ്ര മോദി സ്റ്റ്യാച്യു ഒാഫ് യൂണിറ്റിക്കു വേണ്ടിയും സ്വന്തം പബ്ലിസിറ്റിക്കു വേണ്ടിയും പൊതു പണമാണ് പാഴാക്കിയത്.
എന്നാൽ മൻമോഹൻ സിംഗ് സ്വന്തം ചിത്രം പ്രദർശിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം ചെയ്ത കാര്യങ്ങൾ അദ്ദേഹത്തിനു വേണ്ടി സംസാരിക്കും.- വഗേല പറഞ്ഞു. മൻമോഹൻ സിംഗിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മുൻ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
നേരത്തെ കോണ്ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിൽ ചിത്രത്തിന് വിലക്കേർപ്പെടുത്തി എന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ചിത്രം പ്രദർശിപ്പിക്കുന്നതിന് മധ്യപ്രദേശിൽ യാതൊരു വിധ വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും ഇത് ബിജെപിയുടെ തെറ്റായ പ്രചരണമാണെന്നും വ്യക്തമാക്കി കോണ്ഗ്രസ് രംഗത്തെത്തിയിരുന്നു.
അനുപം ഖേർ നായകനാകുന്ന ചിത്രത്തിൽ ജർമൻ നടി സൂസൻ ബെർനെറ്റ് ആണ് സോണിയ ഗാന്ധിയുടെ വേഷത്തിലെത്തുന്നത്. അഹാനാ കുമ്ര പ്രിയങ്കയായും അർജുൻ മാത്തുർ രാഹുലായും വേഷമിടുന്നു. മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർചരണ് കൗർ ആയി ദിവ്യ സേത് ഷായും മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവായി അക്ഷയ് ഖന്നയും വേഷമിടുന്നു.