ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് നീതി ഉറപ്പാക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് മന്മോഹന് സിംഗി ന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ വാക്കുകൾ മറയാക്കാൻ ചൈനയെ അനുവദിക്കരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
“അതിർത്തിയിലെ പ്രശ്നത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണം. ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പുറത്തുവിടരുത്. ഉറച്ച തീരുമാനങ്ങളും നയതന്ത്രവുമാണ് ഇപ്പോൾ വേണ്ടത്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നയതന്ത്രത്തിന് പകരമാവില്ല.
പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അനുവദിക്കരുത്. അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. സര്‍ക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം.
പലരീതിയില്‍ സംസാരിക്കുന്നത് രാജതാല്പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്‍മോഹന്‍സിംഗ് മുന്നറിയിപ്പ് നല്കി. “രാജ്യത്തിന് വേണ്ടിയാണ് ധീര സൈനികർ ജീവത്യാഗം ചെയ്തത്. അവരുടെ വീരമൃത്യു വെറുതെയാകരുത്. സാഹചര്യത്തിനൊത്ത് ഉയർന്ന് സർക്കാർ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യന്‍ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സര്‍വക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
ഇതുസംബന്ധിച്ച് ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമിറക്കിയിരുന്നു. ലഡാക്കില്‍ നിയന്ത്രണരേഖയ്ക്കു തൊട്ടപ്പുറത്ത് ചൈന ചില നിര്‍മാണങ്ങള്‍ നടത്തുകയും അതില്‍നിന്ന് പിന്മാറാതിരിക്കുകയും ചെയ്തതുകൊണ്ടാണ് സംഘര്‍ഷം ഉണ്ടായതെന്ന് പിഎംഒ വ്യക്തമാക്കി.