ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രിയും കോണ്ഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്. രാജ്യത്തെ രക്ഷിക്കാനുള്ള അവസാന അവസരമാണിതെന്ന് ഏഴാം ഘട്ട വോട്ടെടുപ്പിനു മുമ്പ് പഞ്ചാബിലെ വോട്ടർമാരെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ ഡോ. മൻമോഹൻ സിംഗ് മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷത്തിനെതിരേയും ചില സമുദായങ്ങൾക്കെതിരേയും മോദി നടത്തിയത് വിദ്വേഷ പരാമർശങ്ങളാണെന്ന് മൻമോഹൻ ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ് തരം താഴ്ത്തുന്ന രീതിയിലുള്ള പ്രസ്താവനകളാണ് മോദി തെരഞ്ഞെടുപ്പു പ്രചാരണസമയത്ത് നടത്തിയതെന്ന് അദ്ദേഹം കത്തിൽ പറഞ്ഞു.
കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ വിതരണം ചെയ്യുമെന്ന് രാജസ്ഥാനിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിനെതിരേയാണ് മൻമോഹൻ സിംഗ് മോദിയെ കടന്നാക്രമിച്ചത്. മൂന്നു പേജടങ്ങിയ കത്തിൽ ബിജെപി സർക്കാരിന്റെ രണ്ടു ടേമിലെ ഭരണത്തെയും ഡോ. മൻമോഹൻസിംഗ് വിമർശിച്ചു.
“മോദി എനിക്കെതിരേ തെറ്റായ ചില പ്രസ്താവനകൾ നടത്തി. ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു സമുദായത്തെ മറ്റൊന്നിൽനിന്നു വേർതിരിച്ചില്ല; എന്നാൽ മോദിയുടെ ചില പ്രസ്താവനകൾ അത്തരത്തിലായിരുന്നു’’-മൻമോഹൻസിംഗ് പറഞ്ഞു. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞ മോദി, അവരുടെ വരുമാനം ഇല്ലാതാക്കി കർഷകരെ കടത്തിലാക്കി. രാജ്യത്തെ കർഷകന്റെ ശരാശരി കടം 27000 രൂപയായെന്നും മൻമോഹൻസിംഗ് കുറ്റപ്പെടുത്തി.
നോട്ട് അസാധുവാക്കൽ, വികലമായ ജിഎസ്ടി, കോവിഡ് സമയത്തെ കെടുകാര്യസ്ഥത എന്നിവ രാജ്യത്തെ ദയനീയ അവസ്ഥയിലേക്കു നയിച്ചതായി മൻമോഹൻ സിംഗ് ആരോപിച്ചു. കർഷക നിയമങ്ങൾ രാജ്യത്തെ കർഷകരെ ദ്രോഹിക്കാനാണ് കൊണ്ടുവന്നത്. അതുമൂലം നിരവധിപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കർഷക പ്രക്ഷോഭം മൂലം ലോകശ്രദ്ധ ആകർഷിച്ചതിനാലാണു നിയമം പിൻവലിക്കാൻ ബിജെപി സർക്കാർ നിർബന്ധിതരായത്.
കേന്ദ്രസർക്കാർ നടപ്പിലാക്കിയ അഗ്നിവീർ പദ്ധതിക്കെതിരേയും മൻമോഹൻ സിംഗ് തുറന്നടിച്ചു. രാജ്യസേവനത്തിന്റെയും അഗ്നിവീരന്മാരുടെ ധീരതയ്ക്കും നാലു വർഷത്തേക്കാണ് ബിജെപി ഗാരന്റി ഇട്ടിരിക്കുന്നത്. തെരഞ്ഞടുപ്പിൽ വിജയിച്ചാൽ പദ്ധതി ഇല്ലാതാക്കുമെന്ന് കോണ്ഗ്രസ് രാജ്യത്ത് ഉറപ്പ് നൽകിയതായും ഡോ. മൻമോഹൻസിംഗ് പറഞ്ഞു.