ബിജെപിയെ അനുകൂലിക്കുന്നവരൊഴികെയുള്ള ഇന്ത്യക്കാര്‍ നടക്കില്ല എന്നറിഞ്ഞിട്ടും ആഗ്രഹിച്ച ചില കാര്യങ്ങളുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങളില്‍ നിന്ന് പടിയിറങ്ങിയ പ്രണാബ് മുഖര്‍ജി, മന്‍മോഹന്‍സിംഗ് എന്നിവര്‍ ഒരിക്കല്‍ക്കൂടി ആ സ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുവന്നിരുന്നെങ്കിലെന്ന്. കാരണം അവര്‍ പടിയിറങ്ങിയപ്പോഴാണ് അവരുടെ വില യഥാര്‍ത്ഥത്തില്‍ എന്തായിരുന്നെന്ന് ആളുകള്‍ മനസിലാക്കി വരുന്നത്. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ മാത്രമല്ല, ഇപ്പറഞ്ഞ വ്യക്തികളും ഇതേ ആഗ്രഹം മനസില്‍ സൂക്ഷിച്ചിരുന്നെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെ കുറിച്ച് എഴുതിയ ‘ദി കോയലിഷന്‍ ഇയേഴ്സ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. ഒരു വ്യത്യാസം മാത്രം, രാഷ്ട്രപതിയാകണമെന്നായിരുന്നില്ല, അദ്ദേഹത്തിന്റെ ആഗ്രഹം. മറിച്ച് പ്രധാനമന്ത്രിയാകാനായിരുന്നു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ പുസ്തകത്തില്‍ പറയുന്നത്. മന്മോഹന് സിംഗിനെ രാഷ്ട്രപതിയും തന്നെ പ്രധാനമന്ത്രിയുമാക്കുമെന്നായിരുന്നു കരുതിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു. 1996 മുതല്‍ രാഷ്ട്രപതി ആയി തെരഞ്ഞെടുക്കപ്പെടുന്നതു വരെയുള്ള പ്രവര്‍ത്തന കാലഘട്ടമാണ് പ്രണബ് മുഖര്‍ജി തന്റെ പുസ്തകത്തില്‍ പറയുന്നത്. 2012-ല്‍ പുതിയ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി നടന്ന ചര്‍ച്ച ഓര്‍മിക്കുന്ന ഭാഗത്താണ് തന്നെ പ്രധാനമന്ത്രി ആക്കിയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രണാബ് പറയുന്നത്. അന്ന് നടന്ന ചര്‍ച്ചയില്‍ പല പേരുകളും സാധ്യതകളും, ലഭിക്കാവുന്ന പിന്തുണയും സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു. രാഷ്ട്രപതിയാകാന്‍ താനാണ് യോഗ്യനെന്ന് സോണിയ അഭിപ്രായപ്പെട്ടതായി പ്രണാബ് പറയുന്നു. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രിയെന്ന നിലയിലെ തന്റെ പങ്ക് എടുത്തു പറഞ്ഞ സോണിയ മറ്റൊരു പേരു പറയാന്‍ ആവശ്യപ്പെട്ടു.
ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മറുപടിയും നല്‍കിയാണ് യോഗം പിരിഞ്ഞത്. മന്മോഹന് സിംഗിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി സോണിയ ആലോചിക്കുന്നുവെന്നും, അത്തരമൊരു സാഹചര്യത്തില്‍ തന്നെ പ്രധാനമന്ത്രിയാക്കുമെന്നുമുള്ള അവ്യക്തമായ ധാരണയാണ് മടങ്ങുമ്പോള്‍ തന്റെ മനസ്സിലുണ്ടായിരുന്നതെന്ന് പ്രണാബ് തുറന്നു പറയുന്നു. എന്നാല്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇടപെടലോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നെന്നും അദ്ദേഹം സ്മരിക്കുന്നു. പ്രധാനമന്ത്രിയാകാന്‍ തന്നേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ പ്രണാബ് മുഖര്‍ജിയായിരുന്നെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് പ്രണാബിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പറയുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതില്‍ പ്രണാബ് മുഖര്‍ജിക്ക് വിഷമം ഉണ്ടാവാനുള്ള എല്ലാ കാരണവുമുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തിന് അദ്ദേഹമായിരുന്നു കൂടുതല്‍ യോഗ്യന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം തന്റേതായിരുന്നില്ല. തനിക്ക് ഒരു തെരഞ്ഞെടുപ്പ് സാധ്യമാകുമായിരുന്നില്ല. അക്കാര്യം പ്രണാബിനും അറിയാമായിരുന്നുവെന്നും മന്മോഹന് സിംഗ് പറഞ്ഞു.