ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യ രണ്ടായി പിളരുന്പോൾ മൻമോഹൻ സിംഗിന് 14 വയസ്. അതുവരെ ജനിച്ചുവളർന്ന ഗാഹ് എന്ന ഗ്രാമം പാക്കിസ്ഥാന്റെ ഭാഗമായപ്പോൾ അമൃത്സറിലേക്കു കുടിയേറുകയായിരുന്നു മൻമോഹന്റെ കുടുംബം. വളരെ ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ബാലനെ മുത്തശിയാണു വളർത്തിയത്. ജനിച്ച ഗ്രാമത്തിൽനിന്നു വിട്ടുപോരുംവരെ അവിടെ വൈദ്യുതിയോ പൈപ്പ് വെള്ളമോ എത്തിയിട്ടില്ലായിരുന്നു. വിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠിത്തം.
കഠിനാധ്വാനം പിന്നീട് കേംബ്രിഡ്ജിലെ മെർക്കുറി വെളിച്ചത്തിലിരുന്നു നൂതന സാന്പത്തിക ശാസ്ത്രത്തിന്റെ കടുകട്ടി സമവാക്യങ്ങൾ ആവാഹിച്ചെടുക്കുന്ന വിദ്യാർഥിജീവിതം വരെയെത്തി. വളർച്ചയുടെ തുടർപടവുകൾ പിന്നെയും ഉയരങ്ങളിലേക്കായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സാന്പത്തിക വിദഗ്ധൻ എന്ന പേരെടുത്തു.
റിസർവ് ബാങ്ക് ഗവർണർ പദവി വരെ ഉയർന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ധനമന്ത്രിയെന്ന കീർത്തിയും നേടി. ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ആദ്യ സിക്ക് തലപ്പാവുകാരനായി. അതും തുടർച്ചയായി രണ്ടു തവണ. സാന്പത്തിക-ഭരണരംഗങ്ങളിലെ വൈഭവംകൊണ്ട് ശിരസുയർത്തിനിൽക്കുന്ന ഡോ. മൻമോഹൻസിംഗ് വിടവാങ്ങുന്പോൾ സൗമ്യത, മാന്യത, സത്യസന്ധത, ബൗദ്ധികത തുടങ്ങിയവയുടെ ആൾരൂപമാണ് മറയുന്നത്.
പാക്കിസ്ഥാനിൽ ജനനം
പാക്കിസ്ഥാനിലെ പഞ്ചാബിലുള്ള ഗാഹിൽ 1932 സെപ്റ്റംബർ 26നു ജനനം. ഏക മകനായിരുന്നു. ഉർദു ഭാഷയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇപ്പോഴും ഉർദു നന്നായി വഴങ്ങും. ഹിന്ദി വായിക്കാനറിയില്ല, പക്ഷേ നന്നായി പ്രസംഗിക്കാനും സംസാരിക്കാനും കഴിയും. ഇന്ത്യാ വിഭജനത്തെത്തുടർന്ന് കുടുംബം അമൃത് സറിലേക്കു താമസം മാറ്റി. പിതാവ് രണ്ടാമതും വിവാഹം കഴിച്ചു. രണ്ടാനമ്മയിലുണ്ടായ സഹോദരങ്ങളുമായും മൻമോഹന് അടുപ്പമുണ്ട്.
ഗുർചരണ് കൗറിനെ 1958 ലാണ് വിവാഹം ചെയ്ത്. ഇവർക്ക് മൂന്നു പെണ്മക്കളാണ്. ഉപീന്ദർ സിംഗ്, ദ മൻസിംഗ്, അമൃത് സിംഗ്. മൂത്ത മകൾക്ക് രണ്ട് ആണ് മക്കളും രണ്ടാമത്തെ മകൾക്ക് ഒരാണ്കുട്ടിയുമാണ്. ഇളയ മകൾക്ക് കുട്ടികളില്ല. കൊച്ചുമക്കളിൽ രണ്ടു പേർ ജോലിക്കാരായി. ഇവരിലൊരാൾ വിദേശത്താണ്. മൂന്നാമത്തെ കൊച്ചുമകൻ ഡൽഹിയിൽ അഭിഭാഷകൻ.”സ്ട്രിക്റ്റിലി പേഴ്സണൽ’ എന്ന പേരിൽ മകൾ ദമൻ സിംഗ് മാതാപിതാക്കളുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പടവുകൾ കയറി
പഞ്ചാബ് സർവകലാശാലയിൽനിന്ന് ഇക്കണോമിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം കേംബ്രിഡ്ജിലും ഓക്സ്ഫഡിലുമായിരുന്നു മൻമോഹന്റെ ഉന്നതപഠനം. ഓക്സ്ഫഡിൽനിന്ന് പിഎച്ച്ഡി നേടിയ ശേഷം ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്തു. മടങ്ങിയെത്തി കേന്ദ്രസർക്കാരിന്റെ വിദേശവ്യാപാര ഉപദേശകനായി.
തുടർന്ന് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രഫസറായിരിക്കെ 1972ൽ കേന്ദ്ര ധനമന്ത്രാലയത്തിലെ ഉപദേഷ്ടാവ്. 1976ൽ കേന്ദ്ര ധന സെക്രട്ടറിയായി. 1980ൽ ആസൂത്രണ കമ്മീഷനിലെത്തി. റിസർവ് ബാങ്ക് ഗവർണറായി 1980ൽ മൻമോഹനെ നിയമിച്ചത് അന്നത്തെ ധനമന്ത്രി പ്രണാബ് മുഖർജി ആയിരുന്നു. ഇതേ പ്രണാബ് പിന്നീട് മൻമോഹൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പ്രധാനമന്ത്രിയാകാൻ മോഹിച്ച പ്രണാബ് രാഷ്ട്രപതിയായി. അപ്പോഴും പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ, എക്കാലവും പ്രണാബിനെ ബഹുമാനിക്കാൻ മൻമോഹൻ മടിച്ചില്ല.
1985ൽ റിസർവ് ബാങ്ക് ഗവർണറുടെ കാലാവധി പൂർത്തിയാക്കിയപ്പോൾ മൻമോഹൻ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായി. കാലാവധി കഴിഞ്ഞപ്പോൾ സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായ സാന്പത്തിക നയങ്ങളുടെ തിങ്ക് ടാങ്ക് ആയ സൗത്ത് കമ്മീഷനിൽ സെക്രട്ടറി ജനറലായി. പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ സാന്പത്തിക ഉപദേഷ്ടാവായാണ് 1990ൽ ഇന്ത്യയിൽ മടങ്ങിയെത്തിയത്. പിറ്റേ വർഷം യുജിസി ചെയർമാനായി.
സോണിയയുമായി ആത്മബന്ധം
കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ബന്ധം എക്കാലത്തും പുലർത്തിപ്പോന്ന വ്യക്തിയാണ് മൻമോഹൻ സിംഗ്. പ്രധാനമന്ത്രി ആയിരുന്നപ്പോൾ എല്ലാ ആഴ്ചയിലും നടന്നിരുന്ന കോർ കമ്മിറ്റി യോഗത്തിനായി സോണിയ ഇദ്ദേഹത്തിന്റെ വസതിയിലെത്തുമായിരുന്നു. പ്രണാബ് മുഖർജി, എ.കെ. ആന്റണി, പി. ചിദംബരം, അഹമ്മദ് പട്ടേൽ തുടങ്ങിയവരായിരുന്നു ഈ യോഗത്തിൽ പങ്കെടുത്തിരുന്നത്. യുപിഎ സർക്കാരിന്റെ നയപരമായ കാര്യങ്ങളും രാഷ്ട്രീ യ കാര്യങ്ങളും ആയിരുന്നു ചർച്ച. സർക്കാർ ഫയലുകൾ ഈ യോഗത്തിലേക്കു കൊണ്ടുവരുമായിരുന്നില്ല.
രാഹുൽ ഗാന്ധിയുമായും നല്ല ബന്ധം പുലർത്താൻ മൻമോഹൻ ശ്രദ്ധിച്ചു. പ്രധാനമന്ത്രിയായ മൻമോഹനെ രാഹുൽ സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്രിസഭയിൽ ചേരാൻ പലതവണ രാഹുലിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു. യുപിഎ സർക്കാരിന്റെ ഒരു ബിൽ ഡൽഹി പ്രസ് ക്ലബിൽ വച്ച് വലിച്ചുകീറിയ സംഭവം മൻമോഹന്റെ മനസ് നോവിച്ചു. പക്ഷേ അതൊന്നും ഒരിക്കലും നീരസമായി പ്രകടിപ്പിച്ചില്ല. പ്രധാനമന്ത്രിപദവി ഒഴിഞ്ഞ ശേഷവും രണ്ടോ മൂന്നോ തവണ മൻമോഹനെ വീട്ടിൽ ചെന്നു രാഹുൽ കണ്ടിരുന്നു. എന്നാൽ, സോണിയയുമായുള്ള ആത്മബന്ധം ഇരുവർക്കുമിടയിൽ ഉണ്ടായില്ല.
ദിനചര്യകൾ
അതിരാവിലെ ഉണരും. മിക്ക ദിവസങ്ങളിലും പുൽത്തകിടിയിലൂടെയുള്ള പ്രഭാത നടത്തം മുടക്കാറില്ല. പ്രധാനമന്ത്രി ആയപ്പോൾ രാവിലെ ഏഴിനുതന്നെ ജോലിക്ക് റെഡി. പ്രഭാതഭക്ഷണത്തിനിടയിൽ സമയം ലാഭിക്കാൻ പലരുമായും ചർച്ച നടത്തും. മുതിർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ രാവിലെ ഒൻപതിനു തുടങ്ങും. രാത്രി വൈകിയും ജോലിയിൽ മുഴുകിയിരിക്കാൻ മടിയില്ല. പ്രായത്തിന്റെയും രോഗത്തിന്റെയും പിടിയിലായപ്പോഴും ദിനചര്യകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.
സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സുതാര്യതയും സത്യസന്ധതയും ലാളിത്യവും സൗമ്യതയുമാണ് മൻമോഹന്റെ തനതുശൈലി. ഉപചാരങ്ങളും കൃത്യനിഷ്ഠയും കഠിനാധ്വാനവും ഏകാഗ്രതയും അതിവിശിഷ്ടമാണ്. അച്ചടക്കവും സമതുലിതയുമാണ് മറ്റു സവിശേഷതകൾ. എല്ലാവരോടും മര്യാദയും മാന്യതയും ഉറപ്പാക്കും. രാഷ്ട്രീയ കോളിളക്കങ്ങളിലും അക്ഷോഭ്യൻ.
ലളിതാഹാര പ്രിയൻ
ലളിത ആഹാരമാണു പ്രിയം. എരിവും പുളിയും മസാലകളും ഇല്ലാത്തതോ തീരെ കുറച്ചതോ ആയ ഭക്ഷണമാണു കഴിക്കുന്നത്. മസാലകളും എരിവുമില്ലാതെ മീൻ ഗ്രിൽ ചെയ്തതോ വറുത്തതോ കഴിക്കാറുണ്ട്. കോഴിയിറച്ചിയും കഴിക്കും. സന്തത സഹചാരിയായ ഭാര്യ ഗുർഷരണ് സന്പൂർണ വെജിറ്റേറിയനാണ്.
പ്രഭാത ഭക്ഷണത്തിനു രണ്ടു കഷണം ബ്രഡ് ടോസ്റ്റ് ചെയ്തതും മുട്ട വെള്ളയിലുള്ള ഓംലറ്റുമാണ് മിക്ക ദിവസങ്ങളിലും. മസാലകളിടാറില്ല. ചെറു ക ഷണങ്ങളാക്കിയ കപ്പളങ്ങ, ആപ്പിൾ തുടങ്ങിയ പഴങ്ങളും കഴിക്കാറുണ്ട്. പ്രമേഹം ഉള്ളതിനാൽ മധുരം പൊതുവേ ഒഴിവാക്കും. ഉച്ചഭക്ഷണവും അത്താഴവും ഏതാണ്ട് ഒരേ പോലെയാണ്. രണ്ടു ചപ്പാത്തി, പരിപ്പു കറി, പച്ചക്കറികൾ പുഴുങ്ങിയത് എന്നിവയാണ് ആഴ്ചയിൽ നാലോ, അഞ്ചോ ദിവസം. ഒന്നോ, രണ്ടോ ദിവസം വെള്ളച്ചോറ് കഴിക്കാറുണ്ട്.
മിക്ക ദിവസങ്ങളിലും അൽപം തൈരും കഴിക്കും. വൈകുന്നേരം ഒരു കപ്പ് കാപ്പി. ബിസ്ക്കറ്റോ മിക്സ്ചർ പോലുള്ള നംകീനുകളോ കൂടെയു ണ്ടാകും. മദ്യവും ലഹരികളും ഉപയോഗിക്കാറേയില്ല. മൻമോഹന് സ്വന്തമായി ഭൂസ്വത്തില്ല. ഡൽഹി വസന്ത് കുഞ്ചിലും ചണ്ഡിഗഡിലും ഓരോ വീടുണ്ട്. ഡൽഹി വികസന അഥോറിറ്റിയിൽനിന്നു അലോട്ട്മെന്റ് നേടി ആറു ലക്ഷം രൂപയ്ക്ക് 1984ൽ വാങ്ങിയതാണു ഡൽഹിയിലെ ഫ്ളാറ്റ്. രണ്ടു വീടുകളും വാടകയ്ക്കു നൽകിയിരിക്കുന്നു.
ജീവിതരേഖ മാറ്റിവരച്ച ആ ക്ഷണം
പി.വി. നരസിംഹ റാവു പ്രധാനമന്ത്രി ആയതാണ് മൻമോഹന്റെയും ഇന്ത്യയുടെയും ഭാഗധേയം തിരിച്ചത്. ധനമന്ത്രിയായി കേന്ദ്രമന്ത്രിസഭയിൽ ചേരാൻ 1991ൽ ജൂണിലാണ് മൻമോഹനു ക്ഷണമെത്തിയത്. പി.സി അലക്സാണ്ടറാണ് റാവുവിനു വേണ്ടി ആദ്യം ക്ഷണിച്ചത്.
ധനമന്ത്രിയായി ചുമതലയേൽക്കുന്നതിനു മുന്പു പ്രധാനമന്ത്രിയെ കണ്ടു. ’പൂർണ പിന്തുണ ലഭിച്ചാൽ മാത്രമേ ഞാൻ ഈ പദവി സ്വീകരിക്കൂ’ എന്നു പറഞ്ഞപ്പോൾ പകുതി തമാശയിലായിരുന്നു റാവുവിന്റെ മറുപടി . “നിങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കും. നയങ്ങൾ വിജയിച്ചാൽ ഞങ്ങളെല്ലാവരും ക്രെഡിറ്റ് എടുക്കും. പരാജയപ്പെട്ടാൽ നിങ്ങൾക്കു പോകേണ്ടി വരും’.
പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് പ്രധാന മന്ത്രി സാന്പത്തികസ്ഥിതി വിശദീകരിച്ചെങ്കിലും ബി ജെപിയും സിപിഎമ്മും അടക്കമുള്ളവർ ഗൗരവം മനസിലാക്കിയില്ല. രണ്ടാഴ്ചത്തെ ഇറക്കുമതിക്കുള്ള വിദേശനാണ്യംപോലും രാജ്യത്തിന് ഇല്ലായിരുന്നു. അന്ന് വെറും 10 ലക്ഷം ഡോളർ ഉണ്ടായിരുന്ന വിദേശനാണ്യ ശേഖരം 2022ൽ 8.28 കോടി ഡോളറായി (ഏഴു ലക്ഷം കോടി രൂപ) ഉയർന്നു.
യുപിഎ സർക്കാരിന്റെ പത്തു വർഷക്കാലം പ്രധാ നമന്ത്രിയെന്നനിലയിൽ നടപ്പാക്കിയ ദേശീയ തൊഴിലുറപ്പു പദ്ധതി മുതൽ വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും ആധാർകാർഡും മുതൽ വനിതകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി 2012ൽ പാസാക്കി യ നിയമവും ദാരിദ്യ്ര നിർമാർജന പദ്ധതികളും വിദേ ശ രാജ്യങ്ങളുമായുണ്ടാക്കിയ നല്ല ബന്ധങ്ങളുമെല്ലാം തൊപ്പിയിലെ തൂവലുകളാകും.
ജോർജ് കള്ളിവയലിൽ