
ന്യൂഡൽഹി: വർഗീയതയിലും സാന്പത്തിക മാന്ദ്യത്തിലും കൊറോണ ഭീതിയിലും രാജ്യം എരിയുന്പോൾ തന്റെ ഹൃദയം പിടയുകയാണെന്ന് മുൻപ്രധാനമന്ത്രിയും സാന്പത്തിക വിദഗ്ധനുമായ മൻമോഹൻസിംഗ്.
അത്യന്തം ഹൃദയവേദനയോടെയാണ് ഞാനിതു പറയുന്നത് എന്ന ആമുഖത്തോടെ ഇന്ന് ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
മൂന്നു കാര്യങ്ങളിൽ രാജ്യം അപകടാവസ്ഥയിലാണെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കിയിരിക്കുകയാണ്.
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ: രാജ്യത്തെ സാമൂഹിക ഭിന്നിപ്പ്, കടുത്ത സാന്പത്തിക പ്രതിസന്ധി, കൊറോണാ ഭീതി എന്നിവയാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടായതും രാജ്യം സാന്പത്തികമായി തകർന്നതും ഇവിടെത്തന്നെ സൃഷ്ടിച്ചതാണെങ്കിലും ആരോഗ്യരംഗത്തെ പ്രതിസന്ധി കൊറോണ വൈറസ് മൂലമാണ്.
ഇതൊക്കെ നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ മുറിവേൽപ്പിക്കുമെന്നു മാത്രമല്ല, ജനാധിപത്യ-സാന്പത്തിക ശക്തിയായി ലോകത്തിനു മുന്നിലുള്ള സ്ഥാനത്തെ പിന്നോട്ടടിക്കുകയും ചെയ്യുമെന്നത് എന്നെ അത്യന്തം അസ്വസ്ഥനാക്കുന്നു.
കഴിഞ്ഞയാഴ്ചകളിൽ ഡൽഹി കണ്ടത് ഭയാനകമായ അക്രമോത്സുകതയാണ്. ഒരു കാരണവുമില്ലാതെ 50 സഹോദരങ്ങൾക്കു ജീവൻ നഷ്ടമായി. നൂറുകണക്കിനാളുകൾക്കു മാരകമായ രീതിയിൽ പരിക്കേറ്റിരിക്കുന്നു.
വർഗീയ വിദ്വേഷവും അസഹിഷ്ണുതയും ചില രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഒരു വിഭാഗമാളുകൾ ആളിക്കത്തിച്ചിരിക്കുകയാണ്. സർവകലാശാല ക്യാന്പസുകൾ, പൊതുസ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിലൊക്കെ വർഗീയാഗ്നിയുടെ ചുട് അനുഭവിക്കുകയാണ്. ചരിത്രത്തിലെ ഒരു കറുത്ത കാലത്തിന്റെ ഓർമയിലാണ് രാജ്യം.
ജനങ്ങളെ സംരക്ഷിക്കാനുള്ള ധർമം നിയമപാലകരും സംരക്ഷകരും ഉപേക്ഷിച്ചമട്ടാണ്. ജനാധിപത്യത്തിന്റെ തൂണുകളായ നിയമസംവിധാനങ്ങളും മാധ്യമങ്ങളും നമ്മെ പരാജയപ്പെടുത്തിയിരിക്കുന്നു. തടഞ്ഞില്ലെങ്കിൽ ഈ സാമൂഹിക സമ്മർദ്ദത്തിന്റെ അഗ്നി രാജ്യമെങ്ങും പടരാനിടയുണ്ട്.
ഇതു കത്തിച്ചുവിട്ടവർക്കു മാത്രമേ അണയ്ക്കാനുമാകൂ. പണ്ടുകാലത്തെ സമാനസംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇന്നു രാജ്യത്തു നടക്കുന്ന അക്രമങ്ങളെ ന്യായികരിക്കാനാവില്ല.
വിഭാഗീയമായ അക്രമങ്ങൾ ഗാന്ധിജിയുടെ ഇന്ത്യയോടുള്ള അവഹേളനമാണ്. ഉദാരമായ ജനാധിപത്യ മാർഗത്തിലൂടെ ലോകത്തിനുമുന്നിൽ വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും മാതൃകയായിരുന്ന ഇന്ത്യ സാന്പത്തികമായി തകർന്ന അക്രമത്താൽ വിഭജിക്കപ്പെട്ട ഭൂരിപക്ഷ രാഷ്ട്രീയത്തിലേക്ക് അധപതിക്കുകയാണ്.
മൂന്നു പ്രതിസന്ധികളെയും നേരിടാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മൂന്നിനപരിപാടിയിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്.
ഒന്നാമത് കൊറോണാവെറസിനെ പ്രതിരോധിക്കാനും ഭീതി ഇല്ലാതാക്കാനും നമ്മുടെ എല്ലാ ഊർജവും ശക്തിയും ഇതിലേക്കു കേന്ദ്രീകരിക്കണം. രണ്ടാമത്തെ കാര്യം, പൗരത്വനിയമം പിൻവലിക്കുകയോ അലെങ്കിൽ ഭേദഗതി വരുത്തുകയോ ചെയ്യണം.
ഇപ്പോഴത്തെ കലുഷിതമായ അന്തരീക്ഷം ഇല്ലാതാക്കാനും ദേശീയ ഐക്യം വീണ്ടെടുക്കാനും അതാവശ്യമാണ്. മൂന്നാമതായി വിശദവും സൂഷ്മവുമായ സാന്പത്തിക ഉത്തേജന പദ്ധതിയുണ്ടാക്കണം. ഉപഭോഗവും ആവശ്യവും സാന്പത്തിക വളർച്ചയും പ്രാപിക്കാൻ അത്തമൊരു പദ്ധതികൊണ്ട് സാധിക്കും.
എല്ലാത്തിലുമുപരി പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വാക്കുകൾകൊണ്ടല്ല, പ്രവർത്തികൊണ്ട്. പ്രതിസന്ധിയുടെ കാലം അവസരങ്ങളുടേതുമാണെന്ന് മറക്കരുത്.
1991ൽ ലോകം സാന്പത്തിക മാന്ദ്യത്തിലായപ്പോൾ ഇന്ത്യ അതിനെ അതിജീവിച്ചത് ഞാനോർക്കുന്നു. ഗൾഫ് യുദ്ധവും ഇന്ധനവിലക്കയറ്റവും പ്രശ്നം രൂക്ഷമാക്കിയിരുന്നു.
എന്നാൽ ശക്തമായ പുനർനിർമാണത്താൽ നാം അതിനെ അതിജീവിച്ചുവെന്നത് യാഥാർഥ്യമാണ്. പ്രശ്നങ്ങളെ അതിശയോക്തി കലർത്തി പറയുകയല്ല, രാജ്യത്തോടു സത്യം വെളിപ്പെടുത്താനുള്ള ബാധ്യത നിറവേറ്റുകയാണ്.
പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ കാണുകയും ഒറ്റക്കെട്ടായി അതിജീവിക്കുകയും ചെയ്യേണ്ട സമയമാണിത്.