കോട്ടയം: മന്നംജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പെരുന്നയിലെത്തിയ ശശിതരൂർ എംപി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.
എൻഎസ്എസ് ആസ്ഥാനത്തെ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂർ കൂടിക്കാഴ്ച നീണ്ടു നിന്നു. ആനുകാലിക രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളും സംവരണ വിഷയവും ചർച്ച ചെയ്തതായാണ് സൂചന.
അടുത്ത നാളിൽ കോട്ടയം ജില്ലയിൽ ഉൾപ്പെടെ ശശി തരൂർ നടത്തി സന്ദർശനങ്ങളും വിവിധ സമ്മേളനങ്ങളും കോണ്‍ഗ്രസിലും യുഡിഎഫിലും ഉൾപ്പെടെ വിവാദമായിരുന്നു.
ഇതിനിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ശശി തരൂർ -സുകുമാരൻ നായർ കൂടിക്കാഴ്ച ശ്രദ്ധേയമായി. കൂടിക്കാഴ്ചയിൽ കോഴിക്കോട് എംപി എം.കെ. രാഘവനും പങ്കെടുത്തു.
ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ നിരവധി നേതാക്കൾ എത്തിയിട്ടുണ്ട്.