മണ്ണഞ്ചേരി: സർക്കാർ പദ്ധതി വരും മുന്പേ സ്കൂൾ മുറ്റത്ത് നെല്ലു വിളയിച്ചു കുരുന്നുകളെ നെൽ കൃഷിയിൽ പ്രാപ്തരാക്കുകയാണ് ഒരു മാതൃക വിദ്യാലയം. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാവുങ്കൽ പഞ്ചായത്ത് എൽപി സ്കൂൾ മുറ്റത്താണ് മാതൃകാപാടം ഒരുക്കി വിദ്യാർഥികളിൽ നെൽകൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കൃഷിയിറക്കിയിരിക്കുന്നത്.
കേരള കാർഷിക വികസന ക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നെല്ലിന്റെ ജന്മദിനമായ ഇന്ന് പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതി ആരംഭിച്ചത്. എന്നാൽ ഇതിന് ഒരു പടി മുന്പേ കുട്ടികളെ കൃഷിയിൽ തത്പരരാക്കി മാതൃക തീർത്തൂ, ഈ വിദ്യാലയം. അരിയുണ്ടാകുന്നത് എങ്ങനെ എന്ന ഒരു ഒന്നാം ക്ലാസുകാരന്റെ സംശയം സ്കൂൾ വളപ്പിലെ നെൽകൃഷി പരിചയപ്പെടുത്തി പ്രധാനാധ്യാപിക പി.കെ. സാജിത കുട്ടികൾക്ക് തീർത്തു കൊടുത്തു.
കൃഷിക്കായി സ്കൂൾ മുറ്റത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിൽ ചെളി നിറച്ചാണ് നെൽപ്പാടം തയാറാക്കിയത്. അവിടെ ഉമ നെൽവിത്തു വിതച്ചു. നിലം ഒരുക്കുന്നതും വിത്തു പാകപ്പെടുത്തി വിതക്കുന്നതും പരിചരിക്കുന്നതും കുട്ടികൾ ചെയ്തു പഠിച്ചു. സ്കൂളിലെ പാർട്ട് ടൈം ജീവനക്കാരനും പാരന്പര്യ ജൈവ കൃഷിക്കാരനുമായ കൈതക്കുഴിയിൽ ഗോവിന്ദനാണ് കൃഷി അറിവുകളുമായി കുട്ടികൾക്കൊപ്പം കൂടിയത്.
സഹായത്തിന് അധ്യാപകരും സ്കൂൾ ജീവനക്കാരും. മൂന്നു മാസത്തെ പരിചരണത്തിനൊടുവിൽ കൊയ്ത്തിനു പാകമായി നെൽക്കതിർ എത്തി. മഴ മാറിയാൽ അടുത്ത ആഴ്ച നെല്ലു കൊയ്യും. കൊയ്തൊടുത്ത നെല്ലുകൊണ്ട് ശിശു ദിനത്തിൽ പാൽപായസം ഉണ്ടാക്കിത്തരാമെന്ന ടീച്ചറുടെ ഉറപ്പ് കാത്തിരിക്കുകയാണ് കുട്ടികൾ.
നെല്ലു മാത്രമല്ല പയറും വെണ്ടയും പാവലും വഴുതനയുമടങ്ങുന്ന പച്ചക്കറികളും ഈ സ്കൂൾ വളപ്പിൽ വിളഞ്ഞ് നിൽക്കുന്നു. കൂടാതെ പൂച്ചെടികളും സ്കൂളിന് അലങ്കാരമായുണ്ട്. ഇവിടെ എത്തുന്ന ചിത്രശലഭങ്ങളും, വ്യത്യസ്ത വിഭാഗത്തിലുള്ള വണ്ടുകളും പക്ഷികളും കുട്ടികൾക്ക് പുത്തനറിവുകൾ നൽകുന്നു. സർക്കാർ പദ്ധതി വരും മുന്പേ തങ്ങളുടെ സ്കൂളിൽ നെല്ലറിവുകൾ കുട്ടികൾക്ക് കാട്ടിക്കൊടുക്കാൻ കഴിഞ്ഞ സംതൃപ്തിയിലാണ് അധ്യാപകർ.