കൊല്ലം: എഞ്ചിനും വള്ളങ്ങളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ നീണ്ടകര കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്തു .
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ കുളച്ചൽ വെള്ളമൺ സ്വദേശി ജനിത്ത് (27)ആണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ റ്റി.നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ അരുൾവായ്മൊഴി എന്ന സ്ഥലത്ത് നിന്നുമാണ് ഇയാൾ അറസ്റ്റിലായത് .
കഴിഞ്ഞ മാർച്ച് രണ്ടിനാണ് നീണ്ടകര മത്സ്യബന്ധന ഹാർബറിൽ ലേലഹാളിന് സമീപം കയറ്റി വച്ചിരുന്ന സാഗർമാതാ എന്ന വള്ളവും രണ്ട് എഞ്ചിനുകളും ഇന്ധന ടാങ്കുകളും ജി പി എസ്, കോമ്പസ് തുടങ്ങി നാല് ലക്ഷം രൂപ വിലവരുന്ന സാമഗ്രികളും മോഷണം പോയത് .
ഇയാൾ തമിഴ്നാട്ടിൽ നിന്നും ട്രെയിൻ മാർഗം കൊല്ലത്ത് എത്തി ഹാർബറുകളിൽ താമസിച്ച് അവസരം കിട്ടുമ്പോൾ വള്ളവും എഞ്ചിനും മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുകയാണ് പതിവ് .
മോഷ്ടിച്ച സാധനങ്ങളും വള്ളവും കടൽ മാർഗം തേങ്ങാപ്പട്ടണം, മുട്ടം തുടങ്ങിയ ഹാർബറുകളിൽ എത്തിക്കുകയും അവിടെ വള്ളത്തിനും എഞ്ചിനും പുതിയ നമ്പർ രേഖപ്പെടുത്തി വിൽപന നടത്തുകയായിരുന്നു രീതി.
കടൽമാർഗം കടത്തിക്കൊണ്ട് പോയെന്ന് മനസിലാക്കിയതിനെ തുടർന്ന് കൊല്ലം എസിപി എ.പ്രദീപ് കുമാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയായിരുന്നു .
തമിഴ്നാട്ടിലെ ഹാർബറുകൾ കേന്ദ്രീകരിച്ച് അന്വഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ തേങ്ങാപ്പട്ടണം ഹാർബറിന് സമീപം വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വള്ളം കണ്ടെത്തുകയും തുടർന്ന് സമീപത്തെ സിസിറ്റിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ എഞ്ചിനും മറ്റ് ഉപകരണങ്ങളും കടത്തിക്കൊണ്ട് പോയ ഓട്ടോറിക്ഷ കണ്ടെത്തുകയുമായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു .
മോഷണം നടന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ തമിഴ്നാട്ടിൽ നടത്തിയ അന്വേഷണത്തത്തുടർന്ന് എഞ്ചിനുകളും മറ്റും താളക്കുടി എന്ന സ്ഥലത്തുള്ള പ്രതിയുടെ ഒരു സുഹൃത്തിന്റെ ആൾത്താമസമില്ലാത്ത വീട്ടിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്നത് കോസ്റ്റൽ പോലീസ് കണ്ടെത്തിയിരുന്നു.
എന്നാൽ പ്രതി അന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു . തുടർന്ന് പോലീസ് പലതരത്തിലുള്ള അന്വേഷണങ്ങളും നടത്തിയെങ്കിലും സ്ഥിരമായി മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി തമിഴ്നാട്ടിലെ വിവിധ ഹാർബറുകളിൽ മാറി മാറി കഴിഞ്ഞിരുന്നതിനാൽ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല .
എന്നാൽ പോലീസിന്റെ നിരന്തര നിരീക്ഷണത്തിൽ പ്രതി താളക്കുടി എന്ന സ്ഥലത്ത് വന്ന് പോകുന്നതായി മനസിലാക്കിയിരുന്നു.
തുടർന്ന് അരുൾവായ്മൊഴി എന്ന സ്ഥലത്തുണ്ട് എന്ന് മനസിലാക്കി അരുൾവാമൊഴി പോലീസിന്റെ സഹായത്തോടെ തന്ത്രപരമായ നീക്കത്തിലൂടെ കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുൾ മജീദ് . എം, എഎസ് ഐ ഡി ശ്രീകുമാർ, എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കൊല്ലത്ത് എത്തിച്ച് പ്രതിയെ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇയാളുടെ അറസ്റ്റോടെ തീരദേശ മേഖലയിൽ മുമ്പ് നടന്ന സമാനസ്വഭാവത്തിലുള്ള പല മോഷണങ്ങൾക്കും സൂചന ലഭിക്കുമെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് കോസ്റ്റൽ ഇൻസ്പെക്ടർ എസ്.ഷെരീഫ് പറഞ്ഞു.