തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്നു വയസുകാരന്റെ ദേഹത്ത് തിളച്ച ചായ വീണു പൊള്ളലേറ്റ സംഭവത്തിൽ വഴിത്തിരിവ്. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത കുട്ടിയുടെ മുത്തച്ഛനെ പോലീസ് ഇന്നലെ വൈകുന്നേരത്തോടെ വിട്ടയച്ചു.
സംഭവം നടന്ന സമയത്ത് ഇദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സംഭവസമയം ഇദ്ദേഹം സമീപത്തെ വെയിറ്റിംഗ് ഷെഡിൽ ഇരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് ഇദ്ദേഹം. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ അബദ്ധത്തിൽ വീണതാണെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ഗുരുതര പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. വട്ടിയൂർക്കാവ് സ്വദേശികളായ ദന്പതികളുടെ മകനാണ് പൊള്ളലേറ്റത്. 24 നായിരുന്നു സംഭവം.