മാന്നാർ: കലയുടെ കൊലപാതകത്തിലെ പ്രതികളെ മൂന്നു ദിവസം കൂടി പോലീസ്കസ്റ്റഡിയിൽ ലഭിച്ചതോടെ ചോദ്യംചെയ്യലും തെളിവെടുപ്പും ഊർജിതമാക്കി. പ്രതിഭാഗം വക്കീൽ അഡ്വ.സുരേഷ് മത്തായി തെളിവില്ലെന്ന കാരണം നിരത്തി കോടതിയിൽ ജാമ്യാപേക്ഷ നൽകിയതോടെയാണ് തെളിവുകൾ ശേഖരിക്കാൻ പോലീസ് നെട്ടോട്ടമോടുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ തീർന്നതോടെയാണ് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്.
കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയതിനെ തുടർന്ന് മൂന്ന് ദിവസം കൂടി പ്രതികളെ കസ്റ്റഡിയിൽ വിട്ടു. കലയുടെ ഭർത്താവും ഒന്നാം പ്രതിയുമായ അനിൽകുമാറിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ പ്രമോദ്, സോമൻ, ജിനു എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടി നൽകിയിരിക്കുന്നത്. കൂടുതൽ ചോദ്യംചെയ്യലിനും തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ഇതിനിടെ ഫോറന്‍സിക് ഫലം വൈകുന്നത് പോലീസിനെ കുഴക്കുന്നു. കസ്റ്റഡി കാലാവധിക്കുള്ളിൽ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ഒറ്റയ്ക്കും അല്ലാതെയും ചോദ്യം ചെയ്തതിൽ പുതിയ വെളിപ്പെടുത്തലുകളൊന്നും ഉണ്ടായില്ല. അതിനാൽ തന്നെ ചോദ്യം ചെയ്യൽ തുടരാനാണ് പോലീസിന്റെ ശ്രമം. അതിനാലാണ് കസ്റ്റഡി നീട്ടിക്കിട്ടാൻ കോടതിയിൽ പോലീസ് അപേക്ഷ നൽകിയതും മൂന്ന് ദിവസംകൂടി ലഭിച്ചതും. പുതിയ കസ്റ്റഡി കാലാവധി മറ്റന്നാൾ അവസാനിക്കും. ഇവരുടെ പല മൊഴികളിലും വ്യക്തതയില്ലാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്.
ജില്ലയ്ക്കു പുറത്തേക്കും
സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഇട്ടെന്ന പ്രതികളിൽ ഒരാളുടെ മൊഴിയിലായിരുന്നു തുടക്കത്തിലുള്ള അന്വേഷണം നടത്തിയത്. എന്നാൽ മറ്റെവിടെയെങ്കിലും മാറ്റിയേക്കാമെന്ന സംശയവും ഇവർ തന്നെ പറയുന്നു. ചിലപ്പോൾ നാട്ടില്‍ നിന്നു തന്നെ ഇത് മാറ്റിയിട്ടുണ്ടാകുമെന്ന സംശയവും പ്രതികൾ പ്രകടിപ്പിച്ചു. അതിനാൽ മാന്നാര്‍ ഇരമത്തൂരിലെ കലയുടെ കൊലപാതകത്തില്‍ മൃതദേഹം തേടിയുള്ള അന്വേഷണം ജില്ലയുടെ പുറത്തേക്കും നീളുന്നു.
കലയെ കൊലപ്പെടുത്തിയെങ്കില്‍ മൃതദേഹം നാട്ടില്‍ നിന്നു മറ്റു ജില്ലകളിലേക്കു മാറ്റിയതായി സംശയം ബലപ്പെടാൻ കാരണം അനിലിന്റെ ക്രിമിനൽ പശ്ചാത്തലമാണ്. ഇയാൾക്കു നാട്ടിൽ അക്കാലത്ത് സ്പിരിറ്റ് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടത്തി. അക്കാലത്ത് ഇയാളുമായി ബന്ധമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നെടുങ്കണ്ടത്ത് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. അനിലിനും ഒപ്പം ഉണ്ടായിരുന്ന പെൺസുഹൃത്തിനും എറണാകുളത്ത് ഹോട്ടൽ മുറി തരപ്പെടുത്തി നൽകിയ ഓട്ടോ ഡ്രൈവറെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കലയുടെ ഫോട്ടോ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ദിവസം മുഴുവൻ ചോദ്യംചെയ്ത ശേഷം ഇയാളെ വിട്ടയച്ചു.
മറ്റൊരാൾ അനിലിന്റെ അയൽക്കാരനും അക്കാലത്ത് ഇരമത്തൂർ ഐക്കര ജംഗ്ഷനിൽ ചായക്കച്ചവടം നടത്തിയിരുന്നയാളുമാണ്. ഇയാൾ കാറിൽ മൃതദേഹം കണ്ടതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.ഇത്തരത്തിലുള്ള സാക്ഷിമൊഴികൾ മാത്രമാണ് പോലീസിന്റെ കൈയ്യിലുള്ള പിടിവള്ളി. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം മറ്റിടങ്ങളിലേക്ക് മാറ്റിയതിന്റെ സൂചനകളിലേക്കും വഴി തുറന്നത്.
കസ്റ്റഡിയിലെടുത്ത ചിലര്‍ പറഞ്ഞതിന്റെ പിന്‍ബലത്തിലാണ് സെപ്റ്റിക് ടാങ്ക് തുറന്ന് പോലീസ് തുടക്കത്തിൽ പരിശോധന നടത്തിയത്. ഈ സാഹചര്യത്തിലാണ് മറ്റൊരു സംഘത്തിന്റെ സഹായത്തോടെ മൃതദേഹം നാട്ടില്‍ നിന്നു തന്നെ മാറ്റി മറ്റ് എവിടെയെങ്കിലും മറവ് ചെയ്തിരിക്കാം എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘത്തിന്റെ ശ്രദ്ധ തിരിയുന്നത്.
ഇതേതുടര്‍ന്നാണ് മറ്റൊരു ക്രിമിനല്‍ സംഘത്തില്‍ ഉണ്ടായിരുന്ന ആളുകളിലേക്ക് പോലീസ് അന്വേഷണത്തിന്റെ ദിശമാറ്റിയിരിക്കുന്നത്. ഊമക്കത്തിലെ സൂചന പ്രകാരം നാട്ടിലുള്ള പലരേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതൊക്കെ സമുദായ സംഘടനയിലെ ഭിന്നിപ്പിന്റെ പേരില്‍ ചിലര്‍ നല്കുന്ന സൂചനകള്‍ മാത്രമാണ് എന്നും കരുതുന്നു.
ഫലപ്രദമാകുമോഫോറൻസിക് പരിശോധന?
കേസില്‍ സാക്ഷിയായിമാറിയ സുരേഷ് കുമാറിന്റെ മൊഴി ബലപ്പെടുത്തുന്നകിനു മറ്റുള്ളവരില്‍ നിന്നു കൂടുതല്‍ അനുബന്ധ മൊഴികള്‍ കണ്ടെത്താനാണ് പോലീസിന്റെ ഇപ്പോഴത്തെ ശ്രമം. സെപ്റ്റിക് ടാങ്ക് തുറന്ന് കണ്ടെടുത്ത മൃതദേഹത്തിന്റെ എന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ 15 വര്‍ഷത്തിനു ശേഷമുള്ളത് ആയതിനാല്‍ ഫോറന്‍സിക് പരിശോധനയിലൂടെ ഡിഎന്‍എ വേര്‍തിരിക്കുക ഏറെ പ്രയാസകരമായിരിക്കുമത്രേ.
വര്‍ഷങ്ങള്‍ കഴിയുന്തോറും മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ കഴിയുന്ന വ്യക്തമായ തെളിവുകള്‍ കിട്ടാതെ വരുമെന്നതും പോലീസിനെ കുഴപ്പിക്കുന്നു. ഇതുംപരിശോധനാ ഫലം വൈകുവാൻ കാരണമാകുമത്രേ.
മൃതദേഹം എവിടെ?
എന്തായാലും കല കൊല്ലപ്പെട്ടെന്ന് പോലീസ് വ്യക്തമാക്കിയതോടെ ഇനി കലയുടെ മൃതദേഹം കണ്ടെത്തുക പോലീസിനു വെല്ലുവിളി തന്നെയാണ്. അനിലിനെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങളും തീവ്രമാക്കി. കലയുടെ കൊലപാതകം സംബസിച്ച് വ്യക്തമായ തെളിവുകൾ ഇനിയും ലഭിച്ചിട്ടില്ല. പ്രതികൾ പറഞ്ഞ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം മാറ്റിക്കാണുമെന്ന നിഗമനമാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്. കസ്റ്റഡിയിലുള്ള പ്രതികൾക്ക് ഇതു സംബന്ധിച്ച് വ്യക്തയില്ലാത്തതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്.
അന്വേഷണ സംഘത്തിലുള്ള 21 പേർ പല ബാച്ചുകളായി തിരിഞ്ഞ് തെളിവുകൾ ശേഖരിക്കുകയാണ്. ഇതിനകം 25 പേരെ പലയിടങ്ങളിലായി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതി തേടി പോലീസ് സംഘം നെട്ടോട്ടമോടുകയാണ്. എങ്ങനെയും കുറെ തെളിവുകൾ ശേഖരിക്കുക എന്നുള്ളതാണ് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ സംഘത്തിന്റെ മുന്നിലുള്ള കടമ്പ.
ജില്ലാ പോലീസ് മേധാവി എല്ലാ ദിവസവും മാന്നാറിൽ നേരിട്ടെത്തിയാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. അതീവ രഹസ്യമായിട്ടാണ് ഒരോ അന്വേഷണവും. വരും ദിവസങ്ങളിൽ നിർണായകമായ തെളിവ് ലഭിക്കുമെന്നു തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ഡൊമിനിക് ജോസഫ്