മാന്നാർ: മാന്നാറിലെ കൊലപാതകത്തിൽ കലയുടെ മൃതദേഹം ടാങ്കിൽ നിന്നും മാറ്റിയിട്ടുണ്ടാവാമെന്ന് പോലീസിനു സംശയം. എല്ലാവരും പോയശേഷം മൃതദേഹം മറ്റൊരിടത്തു സംസ്കരിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. കലയെ വലിയ പെരുമ്പുഴ പാലത്തിൽ കൊലപ്പെടുത്തിയ ശേഷം നദിയിൽ തള്ളുവാനായിരുന്നു പദ്ധതി.എന്നാൽ അന്നത്തെ സാഹചര്യം അതിന് ഒത്ത് വരാഞ്ഞതിനാലാണ് നേരെ വീട്ടിലേക്കു കൊണ്ടുപോയത്.
തുടർന്നു കസ്റ്റഡിയിലുളള പ്രതികളായ പ്രമോദ്, ജിനു, സോമൻ എന്നിവരുമായി ചേർന്നു സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു.എന്നാൽ ഇവർ പോയ ശേഷം കലയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിഗമനം. പോലീസിന്റെ സഹായി സോമൻ ടാങ്കിൽനിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായും ശരീരം നശിപ്പിക്കാൻ രാസലായനി ഉപയോഗിച്ചതായും ഇയാൾ പറഞ്ഞിരുന്നു.
എന്നാൽ, ഫോറൻസിക് ഉദ്യോഗസ്ഥർ ഇതു വിശ്വാസത്തിൽ എടുത്തില്ല. ടാങ്കിൽ നിന്നും ലഭിച്ചതു ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. എന്നാൽ കാര്യമായ ഒന്നും ലഭിക്കാഞ്ഞതാണ് മൃതദേഹം പിന്നീട് ഇവിടെ നിന്നും മാറ്റിയതായി സംശയം ഉയർത്തിയത്. ചോദ്യം ചെയ്തു വിട്ടയച്ച ദൃക്സാക്ഷിയായ സുരേഷ് ഇതിന്റെ സാധ്യതകളെ കുറിച്ച് പോലീസിനോട് പറഞ്ഞിരുന്നു.
അനിൽകുമാർ മേശരിപ്പണിക്കാരനായതിനാൽ ഇതിനുളള സാധ്യത തളളികളയാനാവില്ല. ഇപ്പോൾ കസ്റ്റഡിയിലുളള പ്രതികളിൽ ആരെങ്കിലും ഇതിനു സഹായകമായോ എന്ന് കൂടുതൽ ചോദ്യം ചെയ്യലിലൂടെ പുറത്ത് വരുകയുള്ളു.
ചോദ്യംചെയ്യൽ തുടരുന്നു
മാന്നാര്‍ കൊലപാതകത്തില്‍ കസ്റ്റഡിയില്‍ ഉള്ള പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ പേര് പ്രതി പട്ടികയില്‍ വരുമെന്നാണ് സൂചന. ഇന്നലെ ഇവരെ ചോദ്യം ചെയ്തതിലൂടെ സമീപവാസികളായ നിരവധി പേര്‍ക്കു സംഭവം അറിയാമായിരുന്നുവെന്ന് പോലീസ് മനസിലാക്കിയിട്ടുണ്ട്.
ഇതനുസരിച്ച് അഞ്ചു പേരെ വിളിച്ച് വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. കൂടുതല്‍ പേര് ഈ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പോലീസ് അന്വേഷിച്ച് വരുകയാണ്. ജില്ലാ പോലീസ് മേധാവി ചൈത്രതേരസാ ജോണ്‍ ഇന്നലെയും മാന്നാറില്‍ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. നാലു മണിക്കൂറോളം മാന്നാര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
ഇതിന്റെ അന്വേഷണത്തിനായി നിയോഗിച്ച സ്പെഷല്‍ ടീം രാവിലെ മുതല്‍ തന്നെ ഇവിടെയെത്തി പ്രതികളെ ചോദ്യം ചെയ്തു. ഇതില്‍ നിന്നാണ് കുടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നത്. കലയുടെ മൃതദേഹം ടാങ്കില്‍ രാത്രിയില്‍ ഒളിപ്പിച്ചുവെന്ന് പ്രതികളില്‍ ഒരാള്‍ മാത്രമാണ് മൊഴി നല്‍കിയത്. പ്രതികളെ ഒന്നിച്ചും വെവ്വേറെയും ചോദ്യചെയ്തിട്ടും മറവ് ചെയ്തത് സംബസിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് അറിയുന്നത്.ഇന്നു കൂടി ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തുവാനാണ് പോലീസ് ശ്രമിക്കുന്നത്.
ഇവര്‍ അന്നു സഞ്ചരിച്ച് കൃത്യം നടത്തിയതായി പറയപ്പെടുന്ന മാരുതി കാര്‍ കാലപ്പഴക്കത്തില്‍ പൊളിച്ച് കാണുമെന്നാണ് ഇവര്‍ പറഞ്ഞത്. വരും ദിവസങ്ങളിലെ കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
മൃതദേഹം മാറ്റിയെന്നു സംശയം
മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹം ടാങ്കില്‍നിന്നും മാറ്റിയിട്ടുണ്ടാവാമെന്ന് പോലീസിനു സംശയം. കലയെ കുഴിച്ചിട്ടിടത്ത് നിന്നും പിന്നീട് ആരും അറിയാതെ അനില്‍ മറ്റൊരിടത്തേക്കു മാറ്റിയെന്നാണ് സംശയം.വിദേത്തുള്ള അനില്‍കുമാര്‍ നാട്ടില്‍ എത്തിയെങ്കില്‍ മാത്രമേ ഇത് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടാകുകയുള്ളു. പോലീസ് ഇന്നലെ അനില്‍കുമാറിന്റെ വീടിനു സമീപമുള്ള പുരയിടത്തിലും പരിശോധനകള്‍ നടത്തിയിരുന്നു.
പ്രത്യേക സംഘം രൂപീകരിച്ചു
മാന്നാറിലെ കലയുടെ കൊലപാതകക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ, അമ്പലപ്പുഴ പോലീസ് സ്റ്റേഷനുകളിലെ സി ഐമാര്‍, ആലപ്പുഴ ക്രൈംബ്രാഞ്ച് സി ഐ മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.
കേസില്‍ കൂടുതല്‍ തെളിവ് ശേഖരണത്തിനാണ് പോലീസിന്റെ നീക്കം. കസ്റ്റഡിയില്‍ വാങ്ങിയ മൂന്നു പ്രതികളെയും ഇന്നലെ വിശദമായി ചോദ്യം ചെയ്തു. അറസ്റ്റിലായ മൂന്നു പ്രതികളുടെയും ആറ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.കലയുടെ ഭര്‍ത്താവ് അനിലിനെ കൂടി കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പോലീസിനു ലഭിക്കു.
അനിലിനെ നാട്ടിലെത്തിക്കാൻ ശ്രമം
വര്‍ഷം മുമ്പ് കാണാതായ മാന്നാര്‍ ഇരവത്തൂരിലെ വീട്ടമ്മ കലയെ വകവരുത്തിയെന്ന കേസില്‍ ഇസ്രയേലിലുള്ള ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം ഊര്‍ജ്ജിതമാക്കി. കേസിലെ ഒന്നാംപ്രതിയായ അനില്‍ ഇസ്രയേലിലുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. അനില്‍ കഴിഞ്ഞ മൂന്നുമാസമായി ഇസ്രയേലില്‍ താമസിച്ചിരുന്ന സ്ഥലം തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.
ഇയാളെ തിരിച്ചു നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അനില്‍ സ്വയം നാട്ടിലെത്തുമെന്നാണ് പോലീസ് കരുതുന്നത്. അല്ലെങ്കില്‍ തിരച്ചില്‍ വാറന്റും നോട്ടീസും പുറപ്പെടുവിക്കാനാണ് നീക്കം.പാസ്പോര്‍ട്ട് രേഖകള്‍ പരിശോധിച്ചാണ് പോലീസ് വിവരം സ്ഥിരീകരിച്ചത്. ഇന്റര്‍പോളിനു വിവരങ്ങള്‍ കൈമാറിയതായും പോലീസ് അറിയിച്ചു. കേസില്‍ നാലു പ്രതികളെന്നാണ് കണ്ടെത്തല്‍. മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭര്‍ത്താവ് അനിലാണ് ഒന്നാംപ്രതി.
ഡൊമിനിക് ജോസഫ്