മാന്നാർ(ആലപ്പുഴ): 15 വർഷം മുൻപ് കാണാതായ മാന്നാർ ഇരമത്തൂരിൽ കണ്ണംപള്ളിയിൽ അനിൽകുമാറിന്റെ ഭാര്യ കലയെ കൊലപ്പെടുത്തി ടാങ്കിൽ തള്ളിയ കേസിൽ ഒരു ദൃക്സാക്ഷി ഉള്ളതായി പോലീസ്. മാന്നാർ ഇരമത്തൂർ കണ്ണംപള്ളിൽ സുരേഷാ (50)ണ് സംഭവത്തിലെ ദൃക്സാക്ഷി. കലയുടെ മൃതദേഹം മാരുതി കാറിൽ അനിലിന്റെ വീടിനുസമീപം കിടക്കുന്നതായിട്ടാണ് ദൃക്സാക്ഷി കണ്ടത്.
കൊലപാതകം നടത്തിയശേഷം അത് മറവുചെയ്യാനായി സഹായിക്കാൻ അനിൽകുമാർ സുരേഷിനെ രാത്രിയിൽ വിളിച്ചുവരുത്തി. എന്നാൽ തനിക്ക് ഇത് കഴിയില്ലെന്നു പറഞ്ഞ് തിരികെ പോകുകയും ചെയ്തുവത്രേ.എന്നാൽ ഇക്കാര്യം വെളിയിൽ അറിഞ്ഞാൽ കൊന്നുകളയുമെന്ന ഇവരുടെ ഭീഷണിയിൽ ഇത് പുറത്തുപറഞ്ഞുമില്ല. ഈ സംഭവുമായി ബന്ധപ്പെട്ട് പോലീസ് സുരേഷിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു.
പല തവണ ചോദ്യം ചെയ്തതിൽനിന്നാണ് ഇയാൾക്ക് കേസുമായി നേരിട്ടുബന്ധമില്ലെന്ന് പോലീസ് മനസിലാക്കിയത്. ഇതേതുടർന്ന് ഇയാളെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി സാക്ഷിയായി നിലനിർത്തുകയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് പോലീസ് കുടുതൽ അന്വേഷണം നടത്തിവരികയാണ്.
തെളിവുകള് നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം തള്ളിയ സെപ്റ്റിക് ടാങ്കിൽ കെമിക്കൽ ഒഴിച്ചിരുന്നുവെന്ന റിപ്പോര്ട്ട് പുറത്തുവന്നിട്ടുണ്ട്. മാന്നാറിൽ മൃതദേഹം കുഴിച്ചെടുത്ത സോമനാണ് ഇക്കാര്യം പോലീസിനോട് വ്യക്തമാക്കിയത്. അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കിൽ നിന്നു കിട്ടി. സെപ്റ്റിക് ടാങ്കിനു മുകളിൽ പഴയ വീടിന്റെ അവശിഷ്ടങ്ങൾ ഇട്ട് മൂടിയ നിലയിൽ ആയിരുന്നെന്നും സോമൻ പറഞ്ഞു. ഇലന്തൂർ നരബലി കേസിൽ ഉൾപ്പെടെ പോലീസിനെ സഹായിച്ചയാളാണ് സോമൻ.
സംഭവത്തിൽ അറസ്റ്റിലായി കോടതി കസ്റ്റഡിയിൽ വിട്ട മൂന്നു പ്രതികളെ ഇന്നു കൂടുതൽ ചോദ്യം ചെയ്യും. മൂന്ന് പ്രതികൾക്കും കേസിൽ നേരിട്ടുപങ്കുണ്ടെന്നു തെളിഞ്ഞെന്നു പോലീസ് പറഞ്ഞു. കലയുടെ ഭർത്താവ് അനിൽകുമാറിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ മാന്നാർ ഇരമത്തൂർ കണ്ണംപള്ളിയിൽ ജിനു ഗോപി, സോമരാജൻ, പ്രമോദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ ആറ് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. ഇന്നുമുതൽ പ്രതികളുമായി പോലീസ് തെളിവെടുപ്പും മറ്റും നടത്തും.
ഒന്നാം പ്രതിയായ ഭർത്താവ് അനിൽകുമാർ ഇസ്രയേലിൽ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നു. അനിൽകുമാറും മറ്റ് പ്രതികളും ചേർന്ന് കാറിൽ വച്ച് കലയെ ഷാൾ കൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയശേഷം വീട്ടിൽ കൊണ്ടുവന്ന് ടാങ്കിൽ തള്ളുകയായിരുന്നുവെന്നാണ് പ്രതികളുടെ നിലവിലെ മൊഴി.
ഡൊമിനിക് ജോസഫ്