മാന്നാർ: ശക്തമായ കാറ്റിലും മഴയിലും മാന്നാറിലും പരുമലയിലും വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകൾക്ക് മുകളിലും വൈദ്യുതി ലൈനുകളിലും മരം വീണു. മരം വീണ് മാന്നാറിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. പരുമലയിൽ നാല് വീടുകൾക്കു മുകളിൽ മരം വീണ് ചെറിയ കേടുപാടുകളും സംഭവിച്ചു.
വീടിനു മുകളിൽ മരം വീണ് ഒരു വീട്ടമ്മയ്ക്കും പരിക്കേറ്റു. മാന്നാർ പഞ്ചായത്ത് തോട്ടുമാലിൽ ഓമന ലക്ഷ്മണൻ (57), ദാമോദരൻ (68) എന്നിവരുടെ വീടുകളാണ് മരം വീണ് തകർന്നത്. പരിക്കേറ്റ ഓമന ആശുപത്രിയിൽ ചികിത്സയിലാണ്. കാച്ചിന പടാരത്തിൽ തോമസിന്റെ പറമ്പിലെ ആഞ്ഞിലി മരമാണ് രണ്ട് വീടുകൾക്കും മുകളിലേക്കു വീണത്.
ഓമനയുടെ വീട് പൂർണമായും തകർന്നു.
തോമസിന്റെ പുരയിടത്തിന്റെ മതിലും തകർന്നിട്ടുണ്ട്. കുട്ടമ്പേരൂർ തൈച്ചിറ കോളനി ഭാഗത്ത് റോഡിലേക്ക് മരംവീണു. ഗതാഗതം തടസപ്പെട്ടു. പരുമല തിക്കപ്പുഴയിൽ നിരവധി മരങ്ങളാണ് കാറ്റിലും മഴയിലും ഒടിഞ്ഞുവീണത്.
മാന്നാർ വൈദ്യതി ഓഫീസിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി ലൈനുകളിൽ വ്യാപകമായ നാശം ഉണ്ടായി. 33 കെവി ലൈൻ തകരാറിൽ ആയി. നിരവധി സ്ഥലങ്ങളിൽ പോസ്റ്റ്, ലൈനുകൾ പൊട്ടിയിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാനുള ഊർജിത ശ്രമത്തിലാണു ജീവനക്കാർ.