മാന്നാര്: കലയെ കൊലപ്പെടുത്താന് ഭര്ത്താവ് അനില് നാട്ടിലുള്ള ഒരു സംഘത്തിന് ക്വട്ടേഷന് നല്കിയിരുന്നെന്നു കലയുടെ സഹോദരന് നടത്തിയ അന്വേഷണത്തില് കണ്ടെത്തിയതായി കലയുടെ മാതൃസഹോദരി ശോഭന. മാധ്യമങ്ങളോടാണ് അവര് ഇക്കാര്യം പറഞ്ഞത്. പരിചയക്കാരിയായ കുട്ടിയായതു കൊണ്ട് ഏല്പിച്ച സംഘം ക്വട്ടേഷന് ഏറ്റെടുക്കാന് സന്നദ്ധരായില്ലെന്നും ഇക്കാര്യം അവര് സഹോദരനോടു പറഞ്ഞിരുന്നതായും ശോഭന വെളിപ്പെടുത്തി.
അനിലില്നിന്ന് കലയ്ക്ക് കടുത്ത പീഡനങ്ങൾ ഏല്ക്കേണ്ടിവന്നിരുന്നതായും ജീവനോടെ ഉണ്ടായിരുന്നെങ്കില് തീര്ച്ചയായും മകനെ കാണാന് വരുമായിരുന്നെന്നും ശോഭന പറഞ്ഞു.
ശോഭന മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്:
പ്രണയിച്ച് അനിലിന്റെ കൂടെ പോകുമ്പോള് അവള്ക്ക് 20 വയസുമാത്രമാണ് ഉണ്ടായിരുന്നത്. പ്ലസ് ടു പഠനം പൂര്ത്തിയാക്കിയ ശേഷമാവണം പ്രണയിച്ചത്. ഞങ്ങള് അനിലുമായുള്ള വിവാഹം നടത്തിത്തരില്ലെന്നു പറഞ്ഞതോടെയാണ് അനില് വന്ന് അവളെ കൂട്ടിക്കൊണ്ടു പോയത്.
വിവാഹം നടന്നത് അനിലിന്റെ ബന്ധുക്കളുടെയൊക്കെ സാന്നിധ്യത്തിലാണ്. അവര്ക്കു മകനുണ്ടായ ശേഷമാണ് അനില് വിദേശത്തേക്കു പോകുന്നത്. പിന്നീട് ഒരു വര്ഷം കഴിഞ്ഞ് അയാള് മടങ്ങിവന്ന ശേഷമാണ് സംഭവം നടക്കുന്നത്. ഇതിനിടയ്ക്ക് അവള് മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അനില് നാട്ടിലൊക്കെ പറഞ്ഞിരുന്നു.
അയാള് മടങ്ങി വന്നശേഷം അവളെ ഞങ്ങള് കണ്ടിട്ടില്ല. വിവാഹശേഷവും കല വീട്ടില് വരാറുണ്ടായിരുന്നു. പ്രസവത്തിനു കൊണ്ടുപോയതും കലയുടെ അമ്മയാണ്.
അനിലുമായി പ്രശ്നങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. അനിലിന്റെ അമ്മ എന്നും കലയുമായി ബഹളമുണ്ടാക്കുമായിരുന്നെങ്കിലും അച്ഛനു സ്നേഹമായിരുന്നു. അവള് ജീവിച്ചിരിപ്പില്ലെന്നു തോന്നിയിരുന്നു. കല ജീവിച്ചിരുന്നെങ്കില് ഒരിക്കലെങ്കിലും മകനെ വന്നു കണ്ടേനെ.
അല്ലെങ്കില് അച്ഛന് മരിച്ചപ്പോഴെങ്കിലും എത്തുമായിരുന്നു. അനില് പറഞ്ഞതനുസരിച്ച് അവളെ കാണാതായപ്പോള് മറ്റാരുടെയോ കൂടെ പോയെന്നുതന്നെയാണ് കരുതിയിരുന്നത്. പക്ഷേ അവളുടെ അനിയന് അപ്പോഴും അന്വേഷിക്കുന്നുണ്ടായിരുന്നു.നാട്ടിലുള്ള ഒരു സംഘത്തിനു ക്വട്ടേഷന് നല്കിയിരുന്നെന്ന് അവന്റെ അന്വേഷണത്തില് അറിഞ്ഞിരുന്നു.
എന്നാല്, അവരാ ക്വട്ടേഷന് ഏറ്റെടുത്തില്ല. നാട്ടില് അറിയാവുന്ന കുട്ടിയാണെന്നു പറഞ്ഞാണ് അവരതു വേണ്ടെന്നു വച്ചത്. പക്ഷേ വേറെ ആരെങ്കിലും അവളെ കൊല്ലാന് സാധ്യതയുണ്ടെന്നും അവര് അവനോടു പറഞ്ഞിരുന്നു എന്നാല്, അത് വലിയ കാര്യമായിട്ടെടുക്കാന് അവന് തയാറായില്ല.